കുന്നിക്കോട് : കേരള സർക്കാർ റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ പുനലൂരിൽ വെച്ച് നടന്ന പട്ടയ മേളയുടെ സംസ്ഥാന തല സമാപന പരിപാടിയിൽ വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീനെയും മറ്റ് പഞ്ചായത്ത് അധികൃതരെയും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ ചടങ്ങ് ബഹിഷ്കരിച്ചു.
പുനലൂർ പേപ്പർ മില്ലിനോട് ചേർന്നുള്ള വിളക്കുടി ഗ്രാമപഞ്ചായത്തിലെ 8,9 വാർഡുകളിൽ താമസിക്കുന്ന 250ൽ പരം കുടുംബങ്ങൾക്കാണ് പട്ടയം വിതരണം ചെയ്തത്. എന്നിട്ടും പരിപാടിയുടെ തുടക്കം മുതൽ തന്നെ സ്വാഗതസംഘം രൂപീകരണ - ആലോചന യോഗത്തിൽ പോലും ഗ്രാമാഞ്ചായത്ത് പ്രസിഡന്റിനെ അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തിരുന്നില്ല.
പട്ടയ വിതരണത്തിൽ ഉൾപെട്ടിട്ടില്ലാത്ത ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റുമാരുടെ പേരുകൾ വരെ നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പുനലൂർ നഗരസഭയോട് ചേർന്ന് കിടക്കുന്ന വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ പ്രസിഡന്റിനെയും മറ്റ് ജനപ്രതിനിധികളെയും പരിപാടിയിൽ ഉൾപ്പെടുത്താത്തത് രാഷ്ട്രീയ പ്രേരിതമാണോയെന്ന് സംശയമുണ്ടെന്നും അത് സംഘാടക സമിതി വ്യക്തമാക്കണമെന്നും വിളക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡറുമായ ഷാഹുൽ കുന്നിക്കോട് പറഞ്ഞു.