പോരുവഴി : പള്ളിമുറി പേരൂർ വീട്ടിൽ രാജശേഖരൻ പിള്ളയുടെയും ഇന്ദിരാഭായിയുടെയും മകൻ രോഹിൻ രാജ് കെ.എ.എസ് പരിശീലനം നടക്കുമ്പോൾ ഇക്കൊല്ലത്തെ സിവിൽ സർവീസ് പരീക്ഷയിൽ 674-ാം റാങ്ക് നേടി പോരുവഴിയുടെ അഭിമാനമായി. കെ.എ.എസ് പരീക്ഷയിൽ 2 9-ാം റാങ്ക് കിട്ടിയ രോഹിൽ രാജ് അഞ്ചര മാസമായി കെ.എ .എസ് സർവീസിൽ പ്രവേശിച്ച് തിരുവനന്തപും എ. ജി. എമ്മിൽ പരിശീലനത്തിലാണ്. നാലാമത്തെ പരിശ്രമത്തിലാണ് സിവിൽ സർവീസ് രോഹിന് കിട്ടിയത്. മലയാളം ആയിരുന്നു ഐശ്ചിക വിഷയം. മെക്കാനിക്കൽ എൻജിനീയറിംഗിൽ ബി.ടെക് പൂർത്തിയാക്കിയ രോഹിൻ രാജ് വിദൂര വിദ്യാഭ്യാസത്തിലൂടെ എം.ബി.എ പാസായി. തുടർന്ന് സിവിൽ സർവീസിന് പരിശീലനം ആരംഭിച്ചു. കുറച്ചു നാൾ ഒമാനിൽ സേഫ്റ്റി ഓഫീസറായും ജോലി നോക്കി. 2013 മാർച്ചിലാണ് രോഹിൻ രാജിന് അപ്രതീക്ഷിതമായി വലിയൊരു അപകടം ഉണ്ടായത്. പോരുവഴി പെരുവിരുത്തി മലനട മലക്കുട മഹോത്സവത്തിനിടയിൽ എടുപ്പു കുതിരയുടെ മുകൾത്തട്ട് ഒടിഞ്ഞ് രോഹിൻ രാജിന്റെ തലയിൽ വീഴുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ദിവസങ്ങളോളം അബോധാവസ്ഥയിൽ കിടന്നു. ആറു മാസത്തെ ചികിത്സയ്ക്കു ശേഷം ജീവിതത്തിലേക്ക് വന്നെങ്കിലും ഒരു ചെവിയുടെ കേൾവിയും മുഖത്തിന്റെ വലതു ഭാഗത്തെ ചലനശക്തിയും നഷ്ടപ്പെട്ടു. എന്നാൽ രോഹിൻ രാജ് ആത്മവിശ്വാസം നഷ്ടപ്പെടാതെ കെ.എ.എസും ഇപ്പോൾ സിവിൽ സർവീസും നേടിയിരിക്കുകയാണ്. പോരുവഴി മാർ ഗ്രിഗോറിയസ് , കടമ്പനാട് ബോയിസ് ഹൈസ്കൂൾ, പതാരം ശാന്തിനികേതൻ എച്ച്.എസ്.എസ് എന്നിവടങ്ങളിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. രുഗ്മ സഹോദരിയാണ്.