
കൊല്ലം: എന്തിനും കാശു ചോദിച്ചുവാങ്ങുന്ന ആർത്തിപ്പണ്ടാരങ്ങളായ ചിലർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുണ്ടെന്നും അത്തരക്കാർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സാധാരണ നിലയിൽ ഇങ്ങനെയുള്ളവർ എവിടെയാണോ കഴിയുന്നത് അവിടെത്തന്നെ ഇവർക്കും കഴിയേണ്ടിവരും.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ നേതൃത്വത്തിൽ സി. കേശവൻ സ്മാരക ടൗൺ ഹാളിൽ ആരംഭിച്ച സംസ്ഥാനതല അക്കാഡമിക് കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ ഒരുതരത്തിലും അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കില്ല. തദ്ദേശ ഭരണ നിർവഹണ ചുമതലയുള്ളവർ നിസഹായരായി നിൽക്കാതെ കർശന നടപടി സ്വീകരിക്കണം. സ്ഥാപനങ്ങളിലെ ദുഷ്ചെയ്തികൾ അവസാനിപ്പിക്കണം. പുഴുക്കുത്തുകളെ നിയന്ത്രിച്ചേ മതിയാവൂ. തങ്ങളുടെ അവകാശമാണെന്ന വിധത്തിൽ നേരിട്ട് പണം ചോദിക്കുന്നവരുമുണ്ട്.അവരെ എത്തേണ്ടിടത്ത് എത്തിക്കും.
നാട്ടിലാകെ ഒട്ടേറെ വികസന പദ്ധതികൾ വരുന്നു. ഇതിനോടെല്ലാം ആരോഗ്യപരമായ സമീപനം സ്വീകരിക്കണം. ക്രമംവിട്ടോ നിയമ വിരുദ്ധമായോ ഒന്നും ചെയ്യേണ്ട. ജനങ്ങളുടെ ആവശ്യങ്ങൾക്ക് അനാവശ്യ വ്യാഖ്യാനങ്ങൾ കൊടുക്കുകയോ ഇഷ്ടാനിഷ്ടങ്ങളുടെ പേരിൽ തടയിടുകയോ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷയായി. അക്കാഡമിക് ബ്ളോക്കിന്റെ ഉദ്ഘാടനവും സ്ട്രാറ്റജിക് പ്ളാനിംഗ് ഡോക്യുമെന്റിന്റെ പ്രകാശനവും മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. മേയർ പ്രസന്ന ഏണസ്റ്റ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ, കേരള യൂണിവേഴ്സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്നേളജി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പി.എം. മുബാറക് പാഷ, പ്രോ വൈസ് ചാൻസലർ ഡോ. എസ്.വി.സുധീർ, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, സംഘാടക സമിതി ജനറൽ കൺവീനർ അഡ്വ. ബിജു.കെ.മാത്യു, കൺവീനർമാരായ എ. നിസാമുദ്ദീൻ, ഡോ. കെ. ശ്രീവത്സൻ എന്നിവർ സംസാരിച്ചു.