കരുനാഗപ്പള്ളി: അടിസ്ഥാന സൗകര്യ വികസനമില്ല. എക്സ്‌പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നില്ല. അങ്ങനെ പോകുന്നു കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനോട് അധികൃതരുടെ അവഗണന. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വികസനം നടക്കുന്ന നഗരമാണ് കരുനാഗപ്പള്ളി. എന്നാൽ റെയിൽവേയുടെ വികസന കാര്യത്തിൽ അല്ലെന്ന് മാത്രം. ജൂൺ 4 മുതൽ ഓടി തുടങ്ങുന്ന വേളാംങ്കണ്ണി എക്സ്പ്രസ്സ് ട്രെയിന് സ്റ്റോപ്പ് അനുവദിക്കാത്തത്താണ് ഏറ്റവും ഒടുവിലത്തെ അവഗണന. കൊവിഡിനെ തുടർന്ന് റദ്ദാക്കിയ അമൃത, രാജ്യറാണി എന്നീ എക്സ് പ്രസ്സ് ട്രെയിനുകൾക്ക് നേരത്തെ കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് ഉണ്ടായിരുന്നു. കൊവിഡാനന്തരം ട്രെയിനുകൾ ഓടി തുടങ്ങിയെങ്കിലും കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
സി പട്ടികയിൽ
കൊവിഡിന് മുമ്പ് വരെ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ പ്രതിവർഷ വരുമാനം 12 കോടി രൂപയോളമായിരുന്നു. എന്നിട്ടുപോലും റെയിൽവേ സ്റ്റേഷനെ സി പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് റെയിൽവേ ആക്ഷൻ കൗൺസിൽ ചെയർമാൻ നജീം മണ്ണേലും കൺവീനർ കെ.കെ.രവിയും പറഞ്ഞു. റെയിൽവേ സ്റ്റേഷന്റെ ഗ്രേഡ് വർദ്ധിപ്പിക്കാൻ വർഷങ്ങളായി റെയിൽവേ ആക്ഷൻ കൗൺസിൽ സമരം നടത്തി വരികയാണ്.
തുരക്കേറിയ സ്റ്റേഷൻ
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് 6500 ഓളം യാത്രക്കാർ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 4000 ത്തോളംപേർ സീസൺ ടിക്കറ്റ് ഉപയോഗിച്ച് യാത്രക്കാരാണ്. ചവറ ടൈറ്റാനിയം, കെ.എം.എം.എൽ, കേരള ഫീഡ്സ്, കേരഫെഡ്, വെയർ ഹൗസിംഗ് കോർപ്പറേഷൻ, എഫ്.സി.ഐ യുടെ ബഫർ സ്റ്റോറേജ്, ലോക തീർത്ഥാടന കേന്ദ്രമായ അമൃതപുരി, ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ്, ഗവ. പോളി ടെക്നിക്, ഗവ.ആർട്ട്സ് ആൻഡ് സയൻസ് കോളേജ്, അമൃത എൻജിനീയറിംഗ് കോളേജ്, അമൃത ആയുർവേദ കോളേജ് തുടങ്ങി ഒട്ടനവധി വ്യസായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് റെയിൽവേ സ്റ്റേഷന്റെ പരിധിയിൽ വരുന്നത്.ശാസ്താംകോട്ട, ഓച്ചിറ, ചവറ, ആലപ്പാട്, കുലശേഖരപുരം ക്ലാപ്പന തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവർ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.
റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസനം അനന്തമായി നീളുകയാണ്. കേരള എക്സ് പ്രസ്സ്, ചെന്നൈ മെയിൽ,വേളാംങ്കണ്ണി എന്നീ എക്സ് പ്രസ്സ് ട്രെയിനുകൾക് സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. യാത്രക്കാരെ ദുരിതത്തിന് പരിഹാരം ഉണ്ടാകണം.കരുമ്പാലിൽ സദാനന്ദൻ, പൊതു പ്രവർത്തകൻ