കൊല്ലം: കല്ലുന്താഴം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുന്ന മേൽപ്പാലത്തിന്റെ രൂപരേഖ റെയിൽവേ ബോർഡിന്റെ അനുമതിക്കായി നൽകി. അനുമതിക്കു ശേഷം മാത്രമേ സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ ആരംഭിക്കാനാകൂ.

കല്ലുന്താഴം - കുറ്റിച്ചിറ റോഡിൽ കൊച്ചുകുളത്തിനും കാവൽപ്പുരം ജംഗ്ഷനും ഇടയിലെ റെയിൽവേ ഗേറ്റിലാണ് മേൽപ്പാലം നിർമ്മിക്കുന്നത്. 2017 ജൂലായിലാണ് ഇവിടെ മേൽപ്പാലം നിർമ്മാണത്തിന് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയത്. തുടർന്ന് രൂപരേഖ തയ്യാറാക്കാൻ കിറ്റ്കോയോ ചുമതലപ്പെടുത്തി. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല. 2019 മാർച്ചിൽ കിഫ്ബി 30.93 കോടിയുടെ അനുമതി നൽകി. 2019 ഒക്ടോബറിൽ സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. ഇക്കഴിഞ്ഞ ഏപ്രിലിൽ ആർ.ബി.ഡി.സികെ രൂപരേഖ റെയിൽവേയ്ക്ക് സമർപ്പിച്ചു. രൂപരേഖ പരിശോധിച്ച് അംഗീകരിക്കുന്നതിന്റെ ഭാഗമായി റെയിൽവേ- ആർ.ബി.ഡി.സി.കെ സംയുക്ത സംഘം വൈകാതെ സ്ഥലം സന്ദർശിച്ചേക്കും. രൂപരേഖയിൽ ഭേദഗതി നിർദ്ദേശിച്ചാൽ മേൽപ്പാലത്തിനുള്ള കാത്തിരിപ്പ് നീളും.

# കുരുക്ക് അഴിയും

കൊച്ചുകുളത്തിനും കാവൽപ്പുരം ജംഗ്ഷനും ഇടയിലെ റെയിൽവേ ഗേറ്റിലാണ് മേൽപ്പാലം വരുന്നതെങ്കിലും കൂടുതൽ ഗുണപ്പെടുന്നത് ബൈപ്പാസിലെ യാത്രക്കാർക്കാണ്. ഇപ്പോൾ ദേശീയപാതയിലൂടെ കടന്നു പോവുന്ന വാഹനങ്ങൾക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ കുറ്റിച്ചിറ വഴിയുള്ള റോഡിനെ ആശ്രയിക്കാം. ഇതോടെ ദേശീയപാതയിൽ കല്ലുന്താഴം മുതൽ കരിക്കോട് വരെയുള്ള തിരക്ക് ഒരു പരിധിവരെ കുറയും.

.........................

 സർവീസ് റോഡ് ഉൾപ്പടെ 390 മീറ്റർ നീളം

 10.2 മീറ്റർ വീതി

 സർവീസ് റോഡിന്റെ വീതി 4 മീറ്റർ
 ഒരു വശത്ത് 1.5 മീറ്റർ വീതിയിൽ നടപ്പാത

...............................

35. 21 കോടി

നിർമ്മാണ ചെലവ്