സിനിമയിൽ പാടി തൃശൂർ ജില്ലാ കളക്ടർ ഹരിത വി.കുമാർ

ഹരിത വി. കുമാർ
ദിവസവും മുപ്പതോളം മീറ്റിംഗുകൾ. ചിലപ്പോൾ പാതിരാത്രി വരെ നീളും.തൃശൂർ ജില്ലാ കളക്ടർ ഹരിത വി.കുമാർ തിരക്കോട് തിരക്കിലാണെങ്കിലും അതിനിടെ ഒരു പാട്ട് പാടാൻ അവസരം കിട്ടിയാൽ വെറുതേ വിടില്ല. തിരുവാതിരകളിക്കാനും മടിയില്ല.വേദി ചെറുതോ വലുതോ ആകട്ടെ. പാട്ടുപാടാൻ പറഞ്ഞാൽ പാടും. അതാണ് സാംസ്ക്കാരിക നഗരിയായ തൃശൂരിന്റെ കളക്ടർ. ഈയിടെയാണ് സംഗീതസംവിധായകൻ മോഹൻ സിത്താര ഒരു സിനിമയ്ക്ക് പിന്നണി പാടാൻ ക്ഷണിച്ചത്. ശ്യാം കല്യാൺ എന്ന ഹിന്ദുസ്ഥാനി രാഗത്തിന്റെ ഛായയിൽ തയ്യാറാക്കിയ ഗാനമാണിത്. 'തീരം കവർന്നെടുത്ത വെൺശംഖിൽ...' എന്ന ഗാനമാണ് ആലപിച്ചത്. നവാഗതനായ രൂപേഷ് സംവിധാനം ചെയ്യുന്ന 'കരുണ' എന്ന സിനിമയിലെ ഗാനം.ഡോ. മിനിയുടേതാണ് രചന. സിനിമയുടെ ചിത്രീകരണം മലപ്പുറത്ത് പുരോഗമിക്കുകയാണ്. അങ്ങനെ കളക്ടർ സിനിമാപ്പാട്ടുകാരിയുമായി.
സാംസ്കാരിക തലസ്ഥലത്ത് കളക്ടർ പദവിയിൽ ഒരു വർഷം പിന്നിടാൻ പോകുന്ന, സിവിൽ സർവ്വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി ഹരിത വി.കുമാർ കേരളകൗമുദിയോട് തന്റെ കലാജീവിതത്തേയും ഒൗദ്യോഗികജീവിതത്തെക്കുറിച്ചും സംസാരിച്ചു.
എങ്ങനെയാണ് പാട്ടുകാരിയായത്?
പാട്ടുകാരിയാക്കിയതിൽ പ്രധാനപങ്ക് വഹിച്ചത് ഒന്നാം ക്ലാസിലെ ടീച്ചറാണ്. നെയ്യാറ്റിൻകര സെന്റ് തെരേസാസ് കോൺവെന്റിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ കുട്ടുകാരികൾക്ക് ഒപ്പമിരുന്നു ഞാൻ പാടുന്നത് കേട്ട അന്നത്തെ ക്ലാസ് ടീച്ചറാണ് അമ്മയെ വിളിച്ച് മോളെ പാട്ട് പഠിപ്പിക്കണമെന്ന് പറഞ്ഞത്.പിന്നീട് നൃത്തം, ഒപ്പന, പ്രസംഗം, എല്ലാം ഒപ്പം വന്നു. സഭാകമ്പം മാറിയതും അവിടുത്തെ വേദികളിൽ കൂടി തന്നെ. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കളമശ്ശേരി ഗണപതി കോവിലിൽ അരങ്ങേറ്റക്കച്ചേരി നടത്തി. അടുത്തിടെ തൃശൂർ തിരുവമ്പാടിക്ഷേത്രത്തിൽ നടത്തിയ കച്ചേരിയും മറക്കാനാവില്ല. മൂന്നാം ക്ലാസ് മുതൽ നൃത്തവും പഠിച്ചിട്ടുണ്ട്. ജോലിയിൽ പ്രവേശിച്ചതോടെ പാട്ടിനും നൃത്തത്തിനും അവധി കൊടുത്തെന്ന് പറയാം. എന്നാൽ തൃശൂരിൽ എത്തിയപ്പോൾ ഇടയ്ക്കെങ്കിലും അതിന് അവസരം ലഭിക്കുന്നുവെന്നത് ഏറെ സന്തോഷം പകരുന്നു.
ഇഷ്ടമുളള രാഗം ?
ജോഗ് രാഗത്തിലുള്ള കൃതികളോടാണ് ഏറ്റവും ഇഷ്ടം. ഫരീദാബാദ് ഐ.ആർ.എസ് അക്കാഡമിയിലേക്കാണ് ആദ്യമായി കേരളം വിട്ടു പോയത്. അതിന് മുമ്പ് ഒരു തവണ മൂകാംബിക ക്ഷേത്രത്തിലും പോയിരുന്നു . അക്കാഡമിയിൽ പാട്ടിനെ ഇഷ്ടപ്പെടുന്ന ഒത്തിരി പേരെ സുഹൃത്തുകളായി ലഭിച്ചു. മലയാളത്തിന് പുറമേ ഹിന്ദിയും കർണാട്ടിക്കുമെല്ലാം മനസിലേക്ക് ഇടം നേടി.
സിവിൽ സർവീസിലേക്ക് വന്നത് ?
സിവിൽ സർവ്വീസ് തിരഞ്ഞെടുത്തവരോട് സിവിൽ സർവിസിലേക്കുള്ള വഴി മാത്രമാണ് പരിശീലന കേന്ദ്രത്തിൽ നിന്നു പറഞ്ഞു തരിക. അതിലൂടെ എങ്ങനെ യാത്ര ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്. ഒരു വലിയ യാത്രയുടെ തുടക്കമാണ് സിവിൽ സർവ്വീസ് പഠനം . പരീക്ഷകളുടെ കടമ്പകൾ കയറി ആദ്യ ലക്ഷ്യം നേടിയാലും പിന്നിടുള്ള യാത്രകൾ ഏറെ വ്യത്യസ്തമാണ്. എത്രത്തോളം തീവ്രമായി ആഗ്രഹിക്കുന്നു എന്നതാണ് വിജയത്തിന്റെ അടിസ്ഥാനം.
തിരക്കിനെ എങ്ങനെ നേരിടുന്നു?
അഞ്ച് മിനിറ്റുകൾ കൊണ്ട് ചില യോഗങ്ങൾ പൂർത്തിയാകും, മറ്റ് ചിലത് നീണ്ടു നിൽക്കും. അതിനിടയിൽ സംഭവിക്കുന്ന മറ്റ് കാര്യങ്ങളിലും ഇടപെടണം. വിവിധതലങ്ങളിൽ നിന്നുള്ള ഫോൺ വിളികൾ നിലയ്ക്കില്ല.കളക്ടർമാർക്ക് ഇതെല്ലാം സ്വാഭാവികമാണ്. പലപ്പോഴും ഔദ്യോഗിക തിരക്കുകൾ കഴിഞ്ഞ് വീട്ടിലെത്തുന്നത് ഏറെ വൈകിയാകും. ഈ സമയം ഉറക്കമിളച്ച് അമ്മയെ കാത്തിരിക്കുന്ന മൂന്നുവയസുകാരി നിയതിയുണ്ട് വീട്ടിൽ. അവളെ മടിയിലിരുത്തി ലാളിക്കും. അപ്പോഴും എന്ത് ലക്ഷ്യത്തോടെയാണോ സിവിൽ സർവ്വീസ് രംഗത്തേക്ക് കാലെടുത്ത് വച്ചതെന്ന ഉറച്ച ബോദ്ധ്യം കൂട്ടായി ഉണ്ടാകും. അക്കാഡമിയിലെ പഠനവും പ്രവർത്തിപഥവും തമ്മിലുള്ള അന്തരം വളരെ വലുതാണ്. അക്കാഡമിയിൽ നിന്ന് എന്തിനേയും നേരിടാനുള്ള ആർജ്ജവം ലഭിക്കുമെന്നതിൽ തർക്കമില്ല. എന്നാൽ കളക്ടർ പദവിയിൽ എത്തുമ്പോൾ നേരിടേണ്ടത് വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്. നവരസങ്ങളുടെ പകർന്നാട്ടം എന്ന് ചിലപ്പോൾ വിശേഷിപ്പിക്കേണ്ടി വരും.

തിരുവാതിര കളിയിൽ ഹരിത വി. കുമാറും സംഘവും
കലയുടെ മുഖം
തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഇടത്തരം മലയാളി കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടിയുടെ ഇച്ഛാശക്തിക്കും കഠിനാധ്വാനത്തിനുമുള്ള കാലത്തിന്റെ പ്രതിഫലമായിരുന്നു ഹരിതയെ ഒന്നാം റാങ്കിൽ എത്തിച്ചത്. രാജു നാരായണസ്വാമി സിവിൽ സർവീസിൽ ഒന്നാം റാങ്ക് സ്വന്തമാക്കി 22 വർഷം പിന്നിടുമ്പോഴാണ് ഹരിത ആ നേട്ടം വീണ്ടും കേരളത്തിലെത്തിച്ചത്. വാട്ടർ അതോറിറ്റിയിൽ കോൺട്രാക്ടറായ ആർ.വിജയകുമാറും അമ്മ ചിത്രയും ഇരട്ട സഹോദരങ്ങളായ സാദർശും സതീർഥും ഹരിതയുടെ പരിശ്രമത്തിന് പിന്തുണയേകി. നെയ്യാറ്റിൻകര സെന്റ് തെരേസാസ് സ്കൂളിലാണ് ഹരിത പത്താം ക്ലാസു വരെ പഠിച്ചത്. പഠനത്തിൽ മിടുക്കി. ഒപ്പം പാട്ടും നൃത്തവും. പത്താംക്ലാസിൽ ഏഴാം റാങ്കോടെ വിജയം. തുടർന്ന് നെയ്യാറ്റിൻകര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പഠനം. എൻട്രൻസ് എഴുതി തിരുവനന്തപുരം ബാർട്ടൻഹിൽ ഗവ. എൻജിനീയറിംഗ് കോളേജിൽ ബി.ടെക് കോഴ്സിനു ചേർന്നു. മികച്ച മാർക്കോടെ കോഴ്സ് പൂർത്തിയാക്കുന്നതിനു മുൻപു തന്നെ എച്ച്.സി.എല്ലിൽ സോഫ്റ്റ് വെയർ എൻജിനീയർ ജോലി ലഭിച്ചു. സിവിൽ സർവീസ് എന്ന ലക്ഷ്യത്തിനു വേണ്ടി ഹരിത ആ ജോലി വേണ്ടെന്നു വച്ചു. അതുവരെ പഠിച്ച സയൻസിനെ ഉപേക്ഷിച്ച് സാമ്പത്തിക ശാസ്ത്രത്തെയും മലയാളത്തെയും കൂട്ടുപിടിച്ചു. 2007 ലാണ് ആദ്യത്തെ ശ്രമം നടത്തുന്നത്. പ്രിലിമിനറി വിജയിച്ചെങ്കിലും മെയിൻ പരീക്ഷ കൈവിട്ടു. നിരാശയാകാതെ ശ്രമം തുടർന്നു. തൊട്ടടുത്ത വർഷം തന്നെ ഫലം കാണുകയും ചെയ്തു.
179-ാം റാങ്ക്. ഐ.പി.എസ് കിട്ടുമായിരുന്നെങ്കിലും അതു ചേരില്ലെന്നു തോന്നിയതിനാൽ ഐ.ആർ.എസ് എടുത്തു. പരിശീലനത്തിനു ചേർന്ന് അവധിയെടുത്തു വീണ്ടും പരീക്ഷയെഴുതി. മെയിൻ പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങിയെങ്കിലും അഭിമുഖത്തിൽ ശോഭിക്കാനായില്ല. റാങ്ക് 290 ലേക്കു താഴ്ന്നു. അപ്പോഴേക്കും ഐ.എ.എസ് ശ്രമം തുടങ്ങി അഞ്ചുവർഷമായിരുന്നു. ഫരീദാബാദിലെ നാഷനൽ കസ്റ്റംസ് അക്കാഡമിയിൽ ഐ.ആർ.എസ് പരിശീലനത്തിനിടെ വീണ്ടും പരീക്ഷയെഴുതിയാണ് ഒന്നാം റാങ്കിൽ വിജയിച്ച് ഐ.എ.എസ് നേടി കേരളത്തിന്റെ അഭിമാനമായി ഹരിത.വി.കുമാർ മാറിയത്. ലക്ഷദ്വീപിൽ ഫിസിഷ്യനായ ഡോ.ശാന്തീവാണ് ഭർത്താവ്.തൃശൂരിന്റെ കളക്ടറായി ഒമ്പത് മാസം പിന്നിടുമ്പോൾ താൻ തിരഞ്ഞെടുത്ത വഴിയിൽ പൂർണ്ണ തൃപ്തിയുണ്ടെന്ന് ഹരിത അടിവരയിടുന്നു.