മാള: ഇന്ത്യൻ നാവികസേനയ്ക്കായി തദ്ദേശീയമായി നിർമിച്ച ഐ.എൻ.എസ് വിക്രാന്തിലേക്കുള്ള ഫർണിച്ചറുകൾ മാളയിൽ നിന്നൊരുക്കും. സിംഗപ്പൂരിലെ ജി വൺ ഓഷോർ ആൻഡ് മറൈൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായും നോർവീജിയൻ ബയസ് കമ്പനിയായ മാരിനോർ ഇന്ത്യയുമായും ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് മാള വലിയപറമ്പിലെ അച്ചൂസ് ഇന്റീരിയർ പ്രൈവറ്റ് ലിമിറ്റഡ് ഫർണിച്ചർ ഉണ്ടാക്കുന്നത്.

നാവികസേനയുടെ 12 കപ്പലുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയ വ്യക്തിയാണ് അച്ചൂസ് ഇന്റീരിയൽ പ്രൈവറ്റ് ലിമിറ്റഡിലെ രഘുനാഥ്. ഇതിനുശേഷമാണ് വിക്രാന്തിന്റെ വി.ഐ.പി കമ്പാർട്ട്മെന്റിൽ ഫർണിച്ചർ ഒരുക്കുന്നതിനുള്ള അവസരം കൈവന്നത്.

ആദ്യ ഡെലിവറിയുടെ ഫ്‌ളാഗ് ഓഫ് വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ നിർവഹിച്ചു. കമാൻഡർ അരുൺ നായർ, പ്രതീഷ് മേനോൻ, കെ.ആർ. വിനിൽ, കമ്പനി മാനേജിംഗ് ഡയറക്ടർ ടി.എസ്. രഘുനാഥൻ എന്നിവർ സന്നിഹിതരായി.

മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ മാള പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക്, കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ, അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, ടി.കെ. സതീശൻ, ടി.പി. രവീന്ദ്രൻ, സിനി ബെന്നി, അമ്പിളി സജീവ്, എ.ആർ. അനിൽകുമാർ, പ്രതാപൻ ഇല്ലത്ത്, ജോർജ് മൂഞ്ഞലി എന്നിവർ സംസാരിച്ചു.