പാവറട്ടി: തൃപ്രയാർ, കാഞ്ഞാണി, ചാവക്കാട് റോഡിൽ ഏനാമാവ് പള്ളി ജംഗ്ഷൻ ഭാഗം വീതി കൂട്ടി വികസിപ്പിക്കുന്നതിനും പുനരുദ്ധാരണത്തിനുമുള്ള നടപടികളായി. മുരളി പെരുനെല്ലി എം.എൽ.എ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ഭൂവുടമകളുടേയും സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്.
120 മീറ്റർ നീളത്തിൽ ഇരുസൈഡുകളിലുമായി 9 ഭൂവുടമകളുടെ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. 8 മീ. വീതിയിൽ ഭൂമിയേറ്റെടുത്ത് 5.5 മീ. വീതിയിലാണ് ടാറിംഗ് നടത്തുക. നിലവിലുള്ള റോഡിനുപുറമെ 5.48 സെന്റ് ഭൂമിയാണ് 9 ഭൂവുടമകളിൽ നിന്നായി ഏറ്റെടുക്കാനുള്ളത്. 2019 ഡിസംബറിൽ റോഡ് വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 52.5 ലക്ഷം രൂപ ഉൾപ്പടെ 130 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതിയായിട്ടുള്ളതാണ്.
പല പ്രാവശ്യം ടെണ്ടറുകൾ നടത്തിയെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് ക്വട്ടേഷൻ മുഖാന്തരം കരാർ ഉടമ്പടി വയ്ക്കുകയും ചെയ്തു. തുടർന്ന് ടോട്ടൽ സ്റ്റേഷൻ സർവേ നടത്തി അലൈൻമെന്റ് സ്‌കെച്ച് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ അംഗീകരിച്ച് നൽകി. നിലവിലെ സ്‌കെച്ച് യോഗത്തിൽ അവതരിപ്പിക്കുകയും ഭൂവുടമകളുടെ സംശയങ്ങൾക്ക് എം.എൽ.എ മറുപടി നൽകുകയും ഭൂവുടമകൾ ഭൂമി നൽകുന്നതിന് തയ്യാറാണെന്ന് യോഗത്തിൽ അറിയിക്കുകയും ചെയ്തു.
യോഗത്തിൽ മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനി വേണു, ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആന്റണി, ജനപ്രതിനിധികളായ ഇ.വി. പ്രഭീഷ്, ഷാജു അമ്പലത്ത് വീട്ടിൽ, മുംതാസ് റസാക്ക്, ബസീജ റിജേഷ്, ചാവക്കാട് താലൂക്ക് ജൂനിയർ സൂപ്രണ്ട് കെ.എസ്. അനിൽകുമാർ, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസി.എക്‌സി. എൻജിനിയർ മാലിനി ജയൻ, അസി.എൻജിനിയർ സിജി, ജില്ലാ സർവേയർ ഹെഡ് പി.ജി. ഷോളി, പാവറട്ടി എസ്.ഐ. റജിക്കുട്ടി, ഭൂവുടമകൾ എന്നിവർ പങ്കെടുത്തു.
യോഗ തീരുമാനങ്ങൾ
ഭൂമി നഷ്ടപ്പെടുന്നവർക്ക് ആനുപാതികമായ നഷ്ടപരിഹാരം നൽകും. കെട്ടിടമോ മതിലോ പൊളിക്കേണ്ടി വരുന്നവർക്ക് അതിനനുസരിച്ചുള്ള നഷ്ടപരിഹാരം നൽകും. എത്രയും പെട്ടെന്ന് ബൗണ്ടറി സ്റ്റോൺ സ്ഥാപിക്കും. തുടർന്ന് സർവേ ഡിപ്പാർട്ട്‌മെന്റിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ കൈക്കൊള്ളും. റോഡിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം സ്വകാര്യവ്യക്തികളുടെ ഭൂമിയിലെത്താത്ത തരത്തിൽ ഡ്രൈനേജ് സംവിധാനം ഉണ്ടാക്കും.