ചാലക്കുടി: നിർമ്മാണം പൂർത്തിയായിട്ടും തുറക്കാതിരുന്ന കോടശ്ശേരി മേച്ചിറയിലെ പാലം നാട്ടുകാർ ഇടപെട്ട് വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തു. താത്കാലികമായി തുറന്ന പാലം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഇടപെട്ട് വീണ്ടും അടപ്പിച്ചു. റോഡിൽ നിന്നും ഒരടിയോളം ഉയർന്നു നിൽക്കുന്ന മെയിൻ സ്ലാബിലേക്ക് കയറുന്ന ഭാഗത്ത് മണ്ണടിച്ചാണ് നാട്ടുകാർ വാഹനങ്ങൾ കടത്തിവിട്ടത്. ഇവിടെ ക്വാറി വേസ്റ്റിട്ട് നികത്തുകയും റോളർ ഉപയോഗിച്ച് നിരത്തുകയും വേണമെന്നും ഇതിന് ശേഷം ഉദ്ഘാടനം നടത്താമെന്നുമാണ് കരാറുകാരൻ എം.എൽ.എയ്ക്ക് ഉറപ്പ് നൽകിയിരിക്കുന്നത്. എന്നാൽ ഫെബ്രുവരി 7ന് മെയിൻ സ്ലാബിന്റെ കോൺക്രീറ്റിംഗ് നടന്നതാണ്. വെള്ളം കെട്ടി നിറുത്തി ഉറപ്പ് കൂട്ടുന്നതിന്റെ സമയ പരിധിയായ ഒരു മാസവും പിന്നിട്ടു. ഇനി ക്വാറി വേസ്റ്റ് നിരത്തി റോളർ ഓടിക്കുന്നതിന് ഒരു ദിവസത്തെ പ്രവർത്തനമാണ് അവശേഷിക്കുന്നത്. ഇതിന് കരാറുകാരൻ തയ്യാറാകാത്തത് എം.എൽ.എയുടെ അനാസ്ഥയാണെന്ന് ആരോപിച്ചാണ് നാട്ടുകാർ പാലം തുറന്നത്. എന്നാൽ പൊലീസെത്തി വീണ്ടും പാലത്തിലൂടെയുള്ള വാഹന സഞ്ചാരം തടയുകയായിരുന്നു. ഇപ്പോൾ കാൽനടക്കാർ പാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിലും ഇതിലൂടെ വാഹനയാത്ര നടത്തുമെന്നാണ് നാട്ടുകാർ പറയുന്നത്.
തകർച്ച നേരിട്ടത് മഹാപ്രളയത്തിൽ
2018 മഹാ പ്രളയത്തിലാണ് മേച്ചിറ പാലത്തിന് തകർച്ച നേരിട്ടത്. തുമ്പൂർമുഴി വലതുകര പദ്ധതിയുടെ ഭാഗമായി ആറ് പതിറ്റാണ്ട് മുമ്പ് നിർമ്മിച്ച പാലമാണിത്. പാലവും അനുബന്ധ പ്രവൃത്തികൾക്കുമായി 3.44 കോടി രൂപയാണ് അനുവദിച്ചത്. മെയിൻ കനാലിന്റെ അടിഭാഗങ്ങളിൽ 50 മീറ്റർ നീളത്തിൽ കരിങ്കൽ കെട്ടൽ, 300 മീറ്റർ നീളത്തിൽ കാന നിർമ്മാണം, നടപ്പാത, ഹൈമാസ്റ്റ് ലൈറ്റ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടും. പ്രളയ പുനരുദ്ധാരണ ഫണ്ടിൽ നിന്നും മുൻ എം.എൽ.എ ബി.ഡി. ദേവസിയുടെ ശ്രമ ഫലമായാണ് പുതിയ പാലത്തിന് തുക ലഭ്യമാക്കിയത്.