ചാലക്കുടി: കോടതി ജംഗ്ഷനിലെ അടിപ്പാത നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തിവന്ന ആദ്യഘട്ട ധർണ്ണാ സമരം സമാപിച്ചു. അടിപ്പാത പ്രശ്‌നം സംബന്ധിച്ച് ജില്ലയിലെ മുഴുവൻ മന്ത്രിമാരേയും പൊതുമരാമത്ത് മന്ത്രിയേയും ബോധിപ്പിക്കുകയും നിർമ്മാണം പൂർത്തീകരിക്കുന്നതിന് സാദ്ധ്യമായ ഇടപെടലുകൾ നടത്താമെന്ന് അവർ അറിയിച്ചതായും സമരക്കാർ പറഞ്ഞു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. പി.ജി. മോഹനൻ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ ബി. ഡി. ദേവസ്സി, സി.പി.എം ഏരിയാ സെക്രട്ടറി കെ. എസ്. അശോകൻ, കൊരട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. തോമസ്, കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം ഡെന്നീസ് കെ.ആന്റണി, ടി.കെ. മുഹമ്മദ്കുട്ടി, ഷോജൻ വിതയത്തിൽ, സതീഷ്‌കുമാർ, വിത്സൻ പാണാട്ടുപറമ്പിൽ, യു.എസ്. അജയകുമാർ, ടി.ആർ. ബാബുരാജ്, അനിൽ കദളിക്കാടൻ എന്നിവർ സംസാരിച്ചു.