pooram

തൃശൂർ: പാണ്ടിയും പഞ്ചവാദ്യവും ചെമ്പടയും പഞ്ചാരിയും ത്രിപുടയും തുടങ്ങി നാഗസ്വരം അടക്കമുള്ള മേളങ്ങളുടെ രാപ്പകലുകളിലേക്ക് തൃശൂർ നഗരവും പരിസരപ്രദേശങ്ങളും കടക്കുകയാണ്. തിരുവമ്പാടിക്കും പാറമേക്കാവിനും ഒപ്പം എട്ട് ഘടകക്ഷേത്രങ്ങളിലും മേളം ഈയാണ്ടിൽ കൊട്ടിക്കയറും.

കൊടിയേറ്റം മുതൽ ആറ് ദിവസവും പങ്കാളികളായ എല്ലാ ക്ഷേത്രങ്ങളിലും എഴുന്നള്ളിപ്പും അകമ്പടി വാദ്യവുമുണ്ട്. പൂരം കഴിയും വരെ മേളവാദ്യങ്ങളിൽ മുങ്ങും. പലതരം താളങ്ങൾ സമന്വയിക്കുന്നത് ശ്രീമൂലസ്ഥാനത്താണ്. ചെറുപൂരങ്ങളായി വരുന്ന ഘടകക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകൾ തുടർച്ചയായി ഇവിടേക്കെത്തും.

പലതരം താളമേളങ്ങൾ അതിന് അകമ്പടിയാകും. ഓരോ ചെറുപൂരങ്ങൾക്കും മൂന്ന് തരം വാദ്യങ്ങളെങ്കിലുമുണ്ടാകും. പേരും പെരുമയും കുറവാണെങ്കിലും മേളാസ്വാദകർ ചെറുപൂരങ്ങളുടെ വാദ്യസൗന്ദര്യം നുകരാനെത്താറുണ്ട്. പൂരത്തിന്റെ അവിഭാജ്യ ഘടകങ്ങളായി ചെറു പൂരങ്ങൾ മാറുന്നതും അങ്ങനെയാണ്. രാവിലെ ഏഴിന് മുൻപേ ചെറുപൂരങ്ങൾ ഓരോന്നായി വടക്കുന്നാഥ ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്തെത്താൻ തുടങ്ങും.

വടക്കുന്നാഥ ക്ഷേത്രത്തിന്റെ ചുറ്റും പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മാത്രം അവകാശങ്ങളാണെങ്കിലും ചെറുപൂരങ്ങൾ ഒരുക്കുന്ന വാദ്യവിരുന്നാണ് പൂരത്തെ സമ്പൂർണ്ണമാക്കുന്നത്.

പഞ്ചവാദ്യ-പാണ്ടിമേള സമന്വയം

പഞ്ചവാദ്യ പാണ്ടിമേള സമന്വയമാണ് ചെറുപൂരങ്ങളിൽ നിന്ന് മൊത്തമായി കിട്ടുന്ന ആസ്വാദ്യത. ശ്രീമൂലസ്ഥാനത്ത് ചെറുപൂരങ്ങൾ തീർത്ത വാദ്യപ്രപഞ്ചം പൂരലഹരിയിലേയ്ക്ക് ജനക്കൂട്ടത്തെ കൈപിടിച്ചുയർത്തുന്നതും അങ്ങനെയാണ്. നാദസ്വരവും പാണ്ടിമേളവുമായി പൂക്കാട്ടിക്കര കാരമുക്ക് ഭഗവതിയും നെയ്തലക്കാവിലമ്മയുമെത്തും. രാത്രിയിലും ചെറുപൂരങ്ങൾ ആവർത്തിക്കും. സ്വന്തം ക്ഷേത്രങ്ങളിൽ അരങ്ങേറാതെ വടക്കുന്നാഥന്റെ മുന്നിൽ ദേശക്ഷേത്രങ്ങളുടെ പൂരം ഒരുക്കുന്നതും ആചാരപരമായോ മതപരമായോ ഉള്ള ഒരു ചടങ്ങും ഇവിടെ അരങ്ങേറുന്നില്ല എന്നതും തൃശൂർ പൂരത്തിന്റെ സവിശേഷതയാണ്.

തുടക്കമിട്ട് ദേവഗുരു...

പൂരനാളിൽ രാവിലെ ആറരയോടെ വടക്കുന്നാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവാണ് പൂരത്തിൽ പങ്കെടുക്കാൻ ആദ്യമെത്തുന്നത്. പിന്നെ ഒന്നൊന്നായി ചെറുപൂരങ്ങളെത്തും. മഞ്ഞും വെയിലും ഏൽക്കാതെ വേണം കണിമംഗലം ശാസ്താവിന് വടക്കുന്നാഥ സന്നിധിയിലെത്താൻ. ആദ്യമെത്തുന്നത് കണിമംഗലം ശാസ്താവായത് അങ്ങനെയാണെന്ന് വിശ്വസിക്കപ്പെടുന്നു. വടക്കുന്നാഥനുമായി നേർക്കുനേർ വരാത്ത ഘടകപൂരമാണ് കണിമംഗലത്തിന്റേത്. ദേവഗുരുവാണ് എന്നതിനാലാണത്. വടക്കുന്നാഥനെ വണങ്ങുകയോ വലം വയ്ക്കുകയോ ചെയ്യാതെ, കണിമംഗലം ശാസ്താവ് തെക്കേ ഗോപുരം വഴി കയറി പടിഞ്ഞാറെ ഗോപുരനട വഴി ഇറങ്ങും.