
തൃശൂർ: കൊവിഡ് നിയന്ത്രണം പിൻവലിച്ച ശേഷമുള്ള തൃശൂർ പൂരത്തിന് ഇന്ന് തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറ്റം. എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടി ഉയരും. സാധാരണയേക്കാൾ 40 ശതമാനം അധികം കാണികളെത്തുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൻ സുരക്ഷയാണ് ഒരുക്കുന്നത്.
പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. രാവിലെ ഒമ്പതിനും 10.30നും ഇടയിലാണ് മുഹൂർത്തം. തിരുവമ്പാടിയിൽ 10.30നും 10.55നും ഇടയിലും കൊടിയേറും. സാധാരണ പന്ത്രണ്ടോടെയാണ് ഇരുക്ഷേത്രങ്ങളിലും കൊടിയേറ്റച്ചടങ്ങുകൾ നടക്കാറ്.
വൈകിട്ട് മൂന്നിനാണ് പൂരം പുറപ്പാട്. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. വൈകിട്ട് 3.30ന് നായ്ക്കനാലിലും നടുവിലാലിലും നീല, മഞ്ഞ നിറങ്ങളിൽ പൂരപ്പതാകകൾ ഉയർത്തും.
നിയന്ത്രണമില്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയംസുരക്ഷ ഉറപ്പാക്കണമെന്ന് നിർദ്ദേശമുണ്ട്.
പൂരം, ഇങ്ങനെ
സാമ്പിൾ വെടിക്കെട്ട്, ചമയപ്രദർശനം: മേയ് 8ന്
തൃശൂർ പൂരം: 10 ന്
വെടിക്കെട്ട്: 11ന് പുലർച്ചെ.
വിടചൊല്ലൽ: 11ന് ഉച്ചയ്ക്ക്