തൃശൂർ: താണിക്കുടം ഭഗവതി ക്ഷേത്രത്തിലെ നവീകരണ സഹസ്ര കലശം ആറു മുതൽ 16 വരെ നടക്കുമെന്ന് ഭാരവാഹികൾ. തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. നാളെ വൈകീട്ട് അഞ്ചിന് സംസ്‌കാരിക സദസ് മന്ത്രി കെ. രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ക്ഷേത്രവുമായി ബന്ധപ്പെട്ട വ്യക്തിത്വങ്ങളെ ആദരിക്കും.

കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. നന്ദകുമാർ അദ്ധ്യക്ഷനാകും. കൈതപ്രം ദാമോദരൻ നമ്പൂതിരി, മനോജ് കെ. ജയൻ എന്നിവർ മുഖ്യാതിഥികളാകും. ആറു മുതൽ കാവാലം ശ്രീകുമാർ, രാജേഷ് ചേർത്തല, കിഴക്കൂട്ട് അനിയൻ മാരാർ, ചലച്ചിത്ര താരം ലക്ഷ്മി മേനോൻ എന്നിവരുടെ നേതൃത്വത്തിൽ കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും. 13നാണ് പ്രതിഷ്ഠാദിനം.

എല്ലാ ദിവസവും അന്നദാനവും ഉണ്ടാകും. ഒരു കോടി രൂപയോളം ചെലവഴിച്ചാണ് പുനരുദ്ധാരണ പ്രവർത്തനം നടത്തിയത്. നൃത്തനൃത്ത്യങ്ങൾ, കഥകളി,​ പഞ്ചവാദ്യം, ഓട്ടൻതുള്ളൽ, ചാക്യാർ കൂത്ത്, തിരുവാതിരക്കളി, സെമിനാർ, സംഗീത കച്ചേരി തുടങ്ങിയ പരിപാടികളും ഉണ്ടാകും. ക്ഷേത്രോപദേശക സമിതി ഭാരാവാഹികളായ സി.എസ്. സന്തോഷ്, കെ. ഹരീഷ്, കെ.എം. രാമചന്ദ്രൻ, സദാനന്ദൻ നമ്പൂതിരി, സേതു താണിക്കുടം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.