1

വടക്കാഞ്ചേരി: പാർളിക്കാട് നടരാജഗിരി ശ്രീബാലസുബ്രമണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി നടന്ന കാവടിയാട്ടം തട്ടകവാസികളിൽ ആവേശവും ആനന്ദവും പകർന്നു. ഓരോ പ്രദേശത്തു നിന്നും പൂക്കാവടികളും പീലിക്കാവടികളുമായി താളമേളങ്ങളുടെ അകമ്പടിയോടെ കാവടി സംഘങ്ങൾ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ പാർളിക്കാട് നടരാജ ഗിരി ശ്രീ ബാലസുബ്രമണ്യ ക്ഷേത്രത്തിൽ സംഗമിച്ചു.

തുടർന്ന് ക്ഷേത്രനടയിൽ ആട്ടം തീർത്ത ശേഷം ക്ഷേത്രത്തിൽ പ്രവേശിച്ച് അഭിഷേകം ചെയ്തിറങ്ങി. കൊവിഡ് മൂലം കഴിഞ്ഞവർഷം ചടങ്ങുകളിൽ മാത്രം ഒതുങ്ങിയ പ്രതിഷ്ഠാദിനം ഇക്കുറി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 27 മുതൽ ഉത്സവ പരിപാടികൾ ആരംഭിച്ചിരുന്നു.

ക്ഷേത്രം മേൽശാന്തി വിനുസ്വാമിയുടെ മുഖ്യ കാർമ്മികത്വത്തിൽ പ്രതിഷ്ഠാദിനത്തിൽ വിശേഷാൽ പൂജകളും അഭിഷേകങ്ങളും നടന്നു. ഇന്ന് നടക്കുന്ന ആറാട്ടോടെ ഉത്സവച്ചടങ്ങുകൾ സമാപിക്കും.