ചേലക്കര: ചേലക്കര മാരിയമ്മൻപൂജാ ഉത്സവം തുടങ്ങി. പുതുപ്പാലത്ത് നിന്നും ആന, ആട്ടകരകം, പഞ്ചാരിമേളം, ഉടുക്ക് വാദ്യം എന്നിവയുടെ അകമ്പടിയോടെ അമ്മൻ സുവർണകുംഭം എഴുന്നള്ളിച്ചു. തുടർന്ന് കോവിലിൽ അമ്മൻസുവർണകുംഭം പീഠത്തിൽ സ്ഥാപിക്കൽ, വിശേഷാൽ പൂജകൾ, അന്നദാനം എന്നിവയും നടത്തി.
തുടർന്ന് അമ്മൻ നഗറിൽ മ്യൂസിക് നൈറ്റ് മെഗാ ഗാനമേളയും അരങ്ങേറി. ഇന്ന് ബുധനാഴ്ച രാവിലെ വിശേഷാൽ പൂജകൾ, രാവിലെ ഒമ്പതിന് വിളക്കുപൂജ, ഉച്ചയ്ക്ക് അന്നദാനം എന്നിവയും ഉണ്ടാകും. വൈകിട്ട് മൂന്ന് ആന, പഞ്ചവാദ്യം, തകിൽ, ആട്ടകരകം, കലാരൂപങ്ങൾ, വിളക്കാട്ടം എന്നിവയുടെ അകമ്പടിയോടെ വർണാഭമായ മാവിളക്ക് ഘോഷയാത്ര നടക്കും. മംഗലാംകുന്ന് അയ്യപ്പൻ ഭഗവതിയുടെ തിടമ്പേറ്റും.
വ്യാഴാഴ്ച രാവിലെ ക്ഷേത്രാങ്കണത്തിൽ ഭക്തരുടെ പൊങ്കാല വഴിപാട് സമർപ്പണം, വിശേഷാൽ പൂജകൾ, അന്നദാനം വൈകിട്ട് ശ്രീകോവിലിൽ നിന്നും മഞ്ഞൾ നീരാട്ടത്തോടു കൂടി അമ്മൻ സുവർണ കുംഭങ്ങളുമായി ഗൃഹപൂജയ്ക്കുള്ള പൂറപ്പാട്, രാത്രി ചേലക്കര സെന്ററിൽ കുമ്മിയടി തുടർന്ന് അമ്മൻ സുവർണകുംഭങ്ങളുടെ നിമഞ്ജനത്തോടെ ആഘോഷ പരിപാടികൾക്ക് പരിസമാപ്തിയാകും.