ചാലക്കുടി: സംസ്ഥാനത്ത് തത്കാലം പാലിന്റെ വില വർദ്ധിപ്പിക്കില്ലെന്നും ക്ഷീര കർഷകരെ സഹായിക്കുന്നതിന് ഗുണമേന്മയുള്ള കാലിത്തീറ്റകൾ കൂടുതൽ സബ്‌സിഡിയോടെ വിതരണം ചെയ്യുകയാണ് സർക്കാർ ലക്ഷ്യമെന്നും ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ചാലക്കുടി മൃഗാശുപത്രിയുടെ ഹെഡ് ക്വാർട്ടേഴ്‌സിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കാലീത്തീറ്റ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് കർമ്മ പരിപാടികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കൾ റെയിൽവേ വഴി കേരളത്തിലെത്തിക്കും. ഇതിനു പുറമെ ചോളം കേരളത്തിൽ കൃഷി ചെയ്യുന്നതിന്റെ നടപടികളും ആരംഭിച്ചുകഴിഞ്ഞെന്നും ജെ. ചിഞ്ചുറാണി പറഞ്ഞു. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷനായി.
നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, നഗരസഭാ വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. ബിജു എസ്. ചിറയത്ത്, കെ.വി. പോൾ, സി. ശ്രീദേവി, നിത പോൾ, എം.എം. അനിൽകുമാർ, നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.എം. വിജയൻ, ജില്ലാ മൃഗസംക്ഷണ ഓഫീസർ ഡോ. ഒ.ജി. സുരജ, സീനിയർ വെറ്ററിനറി സർജൻ ഡോ. മോളി ആന്റണി എന്നിവർ പ്രസംഗിച്ചു.