kuda

തൃശൂർ: അനുഗ്രഹമായി പെയ്ത നേർത്ത മഴയുടെ കുളിരിൽ മേളക്കാർ ആഘോഷപ്പെരുമയിലേക്ക് കൊട്ടിക്കയറിയതോടെ രണ്ടുവർഷമായി കാണികളില്ലാതിരുന്ന തൃശൂർ പൂരം പുതുചരിത്രമായി. കുടമാറ്റത്തിന്റെ വർണപ്പൊലിയിൽ ആവേശത്തിമിർപ്പിലായ ജനാരണ്യം നിർവൃതിപൂണ്ടു.

മഹാമാരിക്കാലം ഒഴിഞ്ഞതിന്റെ ആശ്വാസവും ആനന്ദവുംകൂടിയുണ്ടായിരുന്നു ഇക്കുറി കുടമാറ്റത്തിന്. ഇന്നേവരെ കാണാത്ത ആൾക്കൂട്ടത്തിന് നടുവിൽ വർണ്ണക്കുടകൾ വിടർന്നുപാറി. കൗതുകങ്ങൾ വിളങ്ങിനിന്ന തെക്കേഗോപുരനടയിലെ കുടമാറ്റത്തിന് ഒടുവിലാണ് മഴ വീണ്ടും ചൊരിഞ്ഞത്. ആ പൂമഴയിൽ കുടമാറ്റം തുടർന്നു. പിന്നാലെ മഴ തോർന്നു. രാവിലെയും നേർത്ത മഴയുടെ അകമ്പടിയുണ്ടായിരുന്നു. പെരുവനം കുട്ടൻമാരാരുടെ ഇലഞ്ഞിത്തറമേളം, കോങ്ങാട് മധുവിന്റെ മഠത്തിൽ വരവ്, ചെറുപൂരങ്ങൾ സൃഷ്ടിച്ച മേളക്കൊഴുപ്പ്... അങ്ങനെ എല്ലാം ഒന്നിച്ച പൂരത്തിൽ ലോകമെങ്ങുമുള്ള കാഴ്ചക്കാർ അലിഞ്ഞുചേർന്നു.

സൂര്യോദയത്തിനു പിന്നാലെ പതിനഞ്ചാനകളുടെ അകമ്പടിയോടെ തിരുവമ്പാടി ഭഗവതി എഴുന്നള്ളുമ്പോൾ സമയം ഏഴ്. തിടമ്പേറ്റിയത് തിരുവമ്പാടി ചന്ദ്രശേഖരൻ. വടക്കുന്നാഥനിലേക്ക് ആദ്യം പുറപ്പെട്ടത് കണിമംഗലം ശാസ്താവ്. മഞ്ഞും വെയിലും ഏൽക്കാതെ വേണം കണിമംഗലം ശാസ്താവിന് വടക്കുന്നാഥ സന്നിധിയിലെത്താൻ, പക്ഷേ ചാറ്റൽമഴയുടെ ശീതളിമയിലായിരുന്നു ശാസ്താവിന്റെ വരവ്.

ദേവഗുരുവായതിനാൽ വടക്കുന്നാഥനെ വണങ്ങുകയോ വലം വയ്ക്കുകയോ ചെയ്യാതെ, കണിമംഗലം ശാസ്താവ് മഴനിഴലിൽ തെക്കേഗോപുരം വഴി കയറി പടിഞ്ഞാറെ ഗോപുരനട വഴി ഇറങ്ങി. മഴ പെയ്യുമോയെന്ന ആശങ്കകളൊന്നും എട്ടു ഘടകക്ഷേത്രങ്ങളിലെ തട്ടകക്കാരെയും ഏശിയില്ല. 11 മണിയായപ്പോൾ ബ്രഹ്മസ്വം മഠം തിരുവമ്പാടിയുടെ മഠത്തിൽ വരവിനൊരുങ്ങി. ഉച്ചയോടെ എട്ട് ഘടകക്ഷേത്രങ്ങളും പൂരം സമ്പൂർണമാക്കി മടങ്ങി.

പഞ്ചവാദ്യത്തിന്റെ നിർവൃതിയിലാണ്ടു, പൂരനഗരം. ഉച്ചയ്ക്ക് ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിനുശേഷം തിരുവമ്പാടി വിഭാഗം വടക്കുന്നാഥന്റെ തിരുമുറ്റത്തെത്തി. പന്ത്രണ്ടോടെ പതിനഞ്ചാനകളുമായി പാറമേക്കാവിലമ്മ പൂരത്തിനിറങ്ങി.
രണ്ടരയോടെ ഇലഞ്ഞിച്ചുവട്ടിൽ പെരുവനം കുട്ടൻമാരാർ പാണ്ടി കൊട്ടിക്കയറി. പതിനായിരങ്ങൾ രണ്ട് മണിക്കൂറോളം പാണ്ടിയുടെ മധുരം നുകർന്നു.

അഞ്ചോടെ പാറമേക്കാവിലമ്മ ഗോപുരം വഴി തെക്കോട്ടിറങ്ങി. കുടകൾ മാറിമാറിച്ചൂടി പാറമേക്കാവിലമ്മ തൃശൂർ കോർപ്പറേഷന് മുന്നിലെ രാജാവിന്റെ പ്രതിമയെ ചുറ്റി സ്വരാജ് റൗണ്ടിൽ ഗോപുരത്തിന് അഭിമുഖമായി നിരന്നു, തിരുവമ്പാടി ഭഗവതി തെക്കെ ഗോപുരത്തിനു മുന്നിലും. ആറോടെ കുടമാറ്റം തുടങ്ങി, ആൾക്കൂട്ടം ആർത്തിരമ്പി.

കുടമാറ്റം കഴിയുമ്പോൾ പുലർച്ചെ വെടിക്കെട്ടിനായി ആൾക്കൂട്ടം ഒഴുകിയെത്തുകയായിരുന്നു. പുലർച്ചെ മൂന്നിന് പ്രധാന വെടിക്കെട്ടും പകൽപ്പൂരവും കണ്ടശേഷം ശ്രീമൂലസ്ഥാനത്ത് ഉച്ചയ്ക്ക് ഭഗവതിമാരുടെ ഉപചാരം ചൊല്ലിപ്പിരിയലും കഴിഞ്ഞാലേ ജനങ്ങൾ വീടണയൂ, പിന്നെ അടുത്തപൂരത്തിനുള്ള കാത്തിരിപ്പാണ്.