vinu-
വിനു

തൃശൂർ: ഘടക പൂരങ്ങളിൽ പ്രധാനമായ അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിൽ ഒരു വ്യാഴവട്ടക്കാലം മേളത്തിലും പഞ്ചവാദ്യത്തിലും പ്രമാണം വഹിച്ച എരവത്ത് കുട്ടിക്കൃഷ്ണമാരാരുടെ പേരക്കുട്ടി പെരുവനം മാരാത്ത് വിനു പരമേശ്വരൻ മാരാർ അയ്യന്തോളിന്റെ കൊടിയേറ്റ മേളത്തിൽ പ്രമാണിയായി.

വളരെ ചെറുപ്രായത്തിൽ തന്നെ മുത്തച്ഛന്റെ കൂടെ അയ്യന്തോൾ ശ്രീ കാർത്യായനി ക്ഷേത്രത്തിലെ അടിയന്തര കാര്യങ്ങൾ ചെയ്യുന്നതിന് ഒപ്പമുണ്ടായിരുന്നു. ചെണ്ടയും, ഇടയ്ക്കയും ഒരുപോലെ ചിട്ടവട്ടങ്ങൾ കൈവിടാതെ പ്രയോഗിക്കുന്നതിൽ പുതുതലമുറയിൽ തന്നെ പ്രധാനിയാണ് പെരുവനം വിനു മാരാർ. നിരവധി ക്ഷേത്രങ്ങളിൽ മേളവും പഞ്ചവാദ്യത്തിൽ ഇടയ്ക്കയും തന്റെ ആത്മസമർപ്പണ ബോധത്തോടെ കൊട്ടിത്തീർത്തിട്ടുണ്ട്.

പാറമേക്കാവിന്റെ രാത്രി പഞ്ചവാദ്യത്തിൽ ഇക്കുറി ഇടയ്ക്ക കൊട്ടുന്നത് വിനു മാരാരാണ്. കഴിഞ്ഞ വർഷവും വിനുവായിരുന്നു. അതിനു മുൻപുള്ള രണ്ടുവർഷം തിരുവമ്പാടി വിഭാഗത്തിന്റെ പ്രസിദ്ധമായ മഠത്തിൽവരവ് പഞ്ചവാദ്യത്തിലും ഇടയ്ക്ക കൊട്ടിയിരുന്നു. മേളകലാഗ്രാമമായ പെരുവനത്തെ യുവ കലാകാരനും പെരുവനം നാരായണമാരാർ, പെരുവനം അപ്പു മാരാർ എന്നിവരുടെ പരമ്പരയിൽപ്പെട്ടതാണ്.