power-house

ചാലക്കുടി: അനുദിനം രൂക്ഷമാകുന്ന ഊർജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ജല വൈദ്യുത പദ്ധതികളാണെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ജനങ്ങൾ തയ്യാറാകണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. പെരിങ്ങൽക്കുത്ത് ഡാമിൽ പുതുതായി ആരംഭിച്ച 24 മെഗാ വാട്ട് ചെറുകിട വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഴക്കാലത്ത് പാഴായിപ്പോകുന്ന വെള്ളം പ്രയോജനപ്പെടുത്തി ഇത്തരം പദ്ധതികളാണ് വൈദ്യുതി ബോർഡ് ഇപ്പോൾ നടപ്പാക്കുന്നത്. മൂവായിരം ടി.എം.സി വെള്ളം കേരളത്തിൽ പ്രതിവർഷം പ്രയോജനമില്ലാതെ ഒഴുകിപ്പോകുന്നു. ഇത്തരത്തിൽ 124 മെഗാവാട്ട് വൈദ്യുതി ഈ വർഷം കമ്മിഷൻ ചെയ്യും. 154 മെഗാ വാട്ട്‌സിന്റെ നിർമ്മാണ പ്രവർത്തനം നടക്കുകയാണ്.

പുതിയ വൈദ്യുത പദ്ധതികളെ കണ്ണുംപൂട്ടി എതിർക്കുന്നത് ഒരു പ്രവണതയായി മാറുകയാണ്. എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും അറിഞ്ഞ മട്ടില്ലാതെ തോളിൽ തൂങ്ങിയ സഞ്ചിയുമായി എത്തുന്നവരുടെ അഭിപ്രായങ്ങൾ ഏകപക്ഷീയമായി എഴുതുന്ന മാദ്ധ്യമങ്ങളും ഇതിൽ കുറ്റക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

പവർ ഹൗസ് പരിസരത്ത് ചേർന്ന യോഗത്തിൽ ടി.ജെ.സനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ബോർഡ് ചെയർമാൻ ഡോ.ബി.അശോക് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിജേഷ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി.ജോസ്,
ജോയ് പൈനാടത്ത്, ജോർജ്ജ് വി.ഐനിക്കൽ, ഐ.ഐ.അബ്ദുൾ മജിദ്, ഷാജു വടക്കൻ,സജീവ് പള്ളത്ത്, അനിൽ തോട്ടവീഥി തുടങ്ങിയവർ പ്രസംഗിച്ചു.