ulgadanam
എടത്തിരുത്തി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പൊതുകിണർ ശുദ്ധീകരിച്ച് വാട്ടർ കിയോസ്‌കിലൂടെ ശുദ്ധജലം വിതരണം ചെയ്യുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു നിർവഹിക്കുന്നു.

എടത്തിരുത്തി പഞ്ചായത്തിൽ

മൂന്ന് വാർഡുകളിൽ വാട്ടർ കിയോസ്‌കുകൾ സ്ഥാപിച്ചു

കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിൽ പൊതുകിണർ ശുദ്ധീകരിച്ച ജലം വാട്ടർ കിയോസ്‌കിലൂടെ ജനങ്ങളിലേക്കെത്തും. പതിനഞ്ചാം വാർഡിൽ കണ്ണംപുള്ളിപ്പുറം വായനശാലക്ക് സമീപത്തെ പൊതുകിണറിനോട് ചേർന്നാണ് വാട്ടർ കിയോസ്‌ക് സ്ഥാപിച്ചിട്ടുള്ളത്. പഞ്ചായത്ത് പ്രദേശത്തെ ശുദ്ധജല ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2021- 22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി വാട്ടർ കിയോസ്‌ക് സ്ഥാപിക്കാൻ തീരുമാനിച്ചത്. മൂന്നാം വാർഡിലും, പതിനാലാം വാർഡിലും സമാന രീതിയിൽ വാട്ടർ കിയോസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു വാട്ടർ കിയോസ്‌കിന്റെ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. നിഖിൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ദിൽഷ സുധീർ, പഞ്ചായത്തംഗങ്ങളായ ഹേന രമേഷ്, സജീഷ് സത്യൻ എന്നിവർ സംസാരിച്ചു.

വാട്ടർ കിയോസ്ക്

കിണറ്റിൽ നിന്നുള്ള വെള്ളം വിവിധ ഘട്ടങ്ങളിലൂടെ മൂന്ന് തവണ ശുദ്ധീകരിച്ചതിന് ശേഷമാണ് ടാപ്പിലൂടെ പുറത്ത് വരിക. വെള്ളം ശേഖരിക്കുന്നതും, ശുദ്ധീകരിക്കുന്നതും പൂർണമായും ഓട്ടോമാറ്റിക്ക് സംവിധാനത്തിലാണ്. അഞ്ച് ലക്ഷം രൂപയാണ് ഒരു കിയോസ്‌കിനായി പഞ്ചായത്ത് ചെലവഴിച്ചത്.