പറപ്പൂക്കര: സെന്റ് ജോൺസ് ഫൊറോന പള്ളിയിൽ മേയ് 15,16 തിയതികളിൽ നടക്കുന്ന ലോന മുത്തപ്പന്റെ തിരുന്നാളിന്റെയും, മൂന്ന് മുതൽ 7വരെ നടക്കുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷത്തിന്റെയും പ്രചരണാർത്ഥം സ്ഥാപിച്ച കമാനങ്ങൾ ക്ഷേത്രപള്ളി കമ്മിറ്റികൾ സംയുക്തമായി ഇത്തവണയും സ്ഥാപിച്ചു. ദേശീയപാത നന്തിക്കരയിലും, മാപ്രാണം റോഡിൽ കോന്തിപുലം പാലത്തിനടുത്തുമാണ് കമാനം സ്ഥാപിച്ചത്. എല്ലാ വർഷവും അടുത്തടുത്ത ദിവസങ്ങളിലാണ് ഷഷ്ഠി ആഘോഷവും തിരുന്നാളും വരാറ്.
ആദ്യ കാലങ്ങളിൽ വെവ്വേറെയാണ് കമാനങ്ങൾ സ്ഥാപിക്കാറ്. പിന്നീട് പള്ളി, അമ്പല കമ്മറ്റികൾ സംയുക്തമായി സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. പുരാതന ക്ഷേത്രമായ പറപ്പൂക്കര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷവും ഫൊറോന ദേവാലയത്തിലെ തിരുന്നാളും പറപ്പൂക്കരക്കാർക്ക് ഒരു പോലെയാണ്.