കൊടുങ്ങല്ലൂർ: വിശപ്പു രഹിതം നമ്മുടെ കേരളം സുഭിക്ഷ പദ്ധതിയുടെ ഭാഗമായി കയ്പമംഗലം നിയോജക മണ്ഡലത്തിലെ എടവിലങ്ങ് കാരയിൽ സുഭിക്ഷ ഹോട്ടൽ ആരംഭിക്കുന്നു. പദ്ധതി പ്രകാരം പൊതുജനങ്ങൾക്ക് ഇവിടെ നിന്നും 20 രൂപയ്ക്ക് ഊണ് ലഭിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെയും എടവിലങ്ങ് പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് ഹോട്ടൽ പ്രവർത്തനം തുടങ്ങുന്നത്.

ഇന്ന് വൈകിട്ട് മൂന്നിന് കാര സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹന്നാൻ എം.പി മുഖ്യാതിഥിയാകും. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ അദ്ധ്യക്ഷയാകും. പ്രദേശത്തെ കിടപ്പ് രോഗികളായ ആവശ്യക്കാർക്ക് ഊണ് വീട്ടിൽ എത്തിച്ചുകൊടുക്കുവാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മോഹനൻ, നിഷ അജിതൻ, എം.എ ഹരിദാസൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.