foto

ഒല്ലൂർ: വർഷങ്ങളായി ഗതാഗത കുരുക്കിനും ഒല്ലൂർ സെന്ററിലെ കുപ്പിക്കഴുത്തിനും ശാശ്വത പരിഹാരമായി ഒല്ലൂർ സെന്ററിൽ പ്രവർത്തിക്കുന്ന തൃശൂർ കോർപറേഷന്റെ സോണൽ ഓഫീസ് പനംകുറ്റിച്ചിറ കുളത്തിന് സമീപമുള്ള സ്ഥലത്തെ മൂന്ന് നില കെട്ടിടത്തിലേക്ക് മാറുന്നു. 15,000 സ്‌ക്വയർ ഫീറ്റിൽ ആധുനിക സംവിധാനത്തോടെ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം കോർപറേഷൻ മേയർ എം.കെ വർഗീസ് നിർവഹിച്ചു.

പത്ത് മാസം കൊണ്ട് പൂർത്തിയാവുന്ന നിലയിലാണ് നിർമ്മാണം നടക്കുന്നത്. ആദ്യഘട്ടത്തിൽ സോണൽ ഓഫീസും, തുടർന്ന് രണ്ടാം ഘട്ടത്തിൽ ഒല്ലൂർ മാർക്കറ്റും പുതിയ സ്ഥലത്തേക്ക് മാറും. ഒല്ലൂർ സെന്ററിൽ പ്രവർത്തിക്കുന്ന കോർപറേഷൻ കെട്ടിടവും പൊളിച്ചുമാറ്റി റോഡിന് വീതി കൂട്ടി ബാക്കി സ്ഥലത്ത് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സും നിർമ്മിക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ വർഗീസ് കണ്ടംകുളത്തി, സി.പി.പോളി, ശ്യാമള വേണുഗോപാൽ, നീതു ദിലീഷ് എന്നിവർ സംസാരിച്ചു.