പുതുക്കാട് : പറപ്പൂക്കര ഫൊറോന പള്ളിയിൽ വിശുദ്ധ ലോനാമുത്തപ്പന്റെ തിരുന്നാൾ മേയ് 15, 16 തിയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച ബിജ്‌നോർ രൂപതാ മെത്രാൻ വിൻസെന്റ് നെല്ലായിപ്പറമ്പിൽ തിരുനാൾ കൊടിയേറ്റം നിർവഹിക്കും. മേയ് 14ന് അമ്പ് എഴുന്നള്ളിപ്പും നേർച്ച പായസ വെഞ്ചിരിപ്പും നടക്കും. മേയ് 15ന് തിരുസ്വരൂപം കൂട്ടിൽ നിന്നിറക്കൽ, തിരുമുടി എഴുന്നള്ളിപ്പ് എന്നീ ചടങ്ങുകളും നടക്കും. ഇരിങ്ങാലക്കുട രൂപത മെത്രാൻ പോളി കണ്ണൂക്കാടൻ മുഖ്യകാർമ്മികത്വം വഹിക്കും.
തിരുനാൾ ദിനത്തിൽ ആഘോഷമായ പാട്ടുകുർബ്ബാനയ്ക്ക് ഹോസൂർ രൂപത മെത്രാൻ, സെബാസ്റ്റ്യൻ പൊഴേലിപറമ്പിൽ കാർമ്മികത്വം വഹിക്കും. തിരുനാൾ പ്രദക്ഷിണത്തിന് ശേഷം വൈകീട്ട് ദിവ്യകാരുണ്യ ആശീർവാദം, തിരുശേഷിപ്പ് വണക്കം എന്നിവയുമുണ്ടാവും. രാത്രി 10 ന് വിശുദ്ധന്റെ തിരുസ്വരൂപം മദ്ബഹയിലെ രൂപക്കൂട്ടിൽ പ്രതിഷ്ഠിക്കും. മേയ് 23 ന് എട്ടാമിടവും ഊട്ടുതിരുനാളും. വാർത്താസമ്മേളനത്തിൽ വികാരി ഫാ.ജോസ് മാളിയേക്കൽ, ട്രസ്റ്റി ഡേവിസ് തെക്കേത്തല, സെക്രട്ടറി ജോസ് പനംകുളത്തുകാരൻ, ഫിനാൻസ് കൺവീനർ, വർഗീസ് ചുള്ളിപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.