കൊടുങ്ങല്ലൂർ: അഴീക്കോട്ടെ മത്സ്യബന്ധന വള്ളങ്ങളിൽ വീണ്ടും മോഷണം. നാല് ഔട്ട് ബോർഡ് എൻജിനുകൾ നഷ്ടപ്പെട്ടു. പൂച്ചക്കടവിന് പടിഞ്ഞാറ് കായലോരത്ത് കടവിൽ കെട്ടിയിട്ടിരുന്ന അഴീക്കോട് പഴൂപറമ്പിൽ ഇസ്മയിലിന്റെ മമ്പുറം, കൂളിമുട്ടം പോക്കാക്കില്ലത്ത് നാസറിന്റെ നല്ലച്ഛൻ, അഴീക്കോട് എമ്മാട്ട് വിജീഷിന്റെ അമ്പാടിക്കണ്ണൻ എന്നീ ഫൈബർ വള്ളങ്ങളുടെ 25 എച്ച്.പിയുടെ ഒന്നും, 9.9 എച്ച്.പിയുടെ രണ്ടും, 9 എച്ച്.പിയുടെ ഒരു എൻജിനുമാണ് ചൊവ്വാഴ്ച രാത്രി മോഷണം പോയത്.
ബുധനാഴ്ച പുലർച്ചെ കടലിൽ പോകാൻ തൊഴിലാളികൾ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പത്ത് ലക്ഷത്തോളം നഷ്ടമുണ്ടായതായി ഉടമകൾ പറഞ്ഞു. കഴിഞ്ഞ വിഷുദിനത്തിൽ കാര കുഞ്ഞുമാക്കൻപുരയ്ക്കൽ ശശിയുടെ വള്ളത്തിന്റെ രണ്ട് എൻജിനുകൾ മോഷണം പോയിരുന്നു. ഇന്ധനവും, വലയും, അനുബന്ധ സാമഗ്രികളും ഉൾപ്പെടെ സമീപനാളുകളിൽ മോഷണം പോകുന്നതായും ഉടമകൾ പറഞ്ഞു. മണ്ണെണ്ണ വിലവർദ്ധനയും മത്സ്യ ദൗർലഭ്യവും മൂലം പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികളെ തുടർച്ചയായുണ്ടാകുന്ന മോഷണവും കൂടുതൽ പ്രയാസത്തിലാക്കുകയാണ്. ഉടമകൾ പൊലീസിൽ പരാതി നൽകി.