തൃശൂർ: പൂരത്തിന്റെ അവസാനവട്ട ഒരുക്കത്തിലേക്ക് ദേവസ്വവും ഭരണകൂടവും കടക്കുമ്പോൾ, സ്വരാജ് റൗണ്ടിൽ നിന്ന് വെടിക്കെട്ട് കൺനിറയെ കാണാനാകണമെന്ന ആഗ്രഹം സഫലമാകുമോ എന്ന ചോദ്യമാണുയരുന്നത്. ഇന്നലെ മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ദേവസ്വം ബോർഡ് പ്രതിനിധികളുടെയും ഉന്നതഉദ്യോഗസ്ഥരുടെയും യോഗത്തിൽ റവന്യൂമന്ത്രി കെ.രാജൻ അതിനുള്ള സാദ്ധ്യതയിലേക്ക് വഴിതുറന്നത് ആഹ്‌ളാദത്തോടെയാണ് വെടിക്കെട്ട് പ്രേമികൾ സ്വാഗതം ചെയ്യുന്നത്.
പൂരം വെടിക്കെട്ട് സ്വരാജ് റൗണ്ടിലും പരിസരങ്ങളിലും നിന്ന് വീക്ഷിക്കാൻ പൊതുജനങ്ങൾക്ക് സാഹചര്യം ഒരുക്കണമെന്ന ആവശ്യം പെസോ, മറ്റ് ഏജൻസികൾ എന്നിവരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്. 2016ലെ പുറ്റിങ്ങൽ വെടിക്കെട്ട് അപകടമാണ് തൃശൂരിലെ വെടിക്കെട്ടിനെയും മുൾമുനയിലാക്കിയത്. പുറ്റിങ്ങൽ അപകടത്തെ തുടർന്ന് എക്‌സ്‌പ്ലോസീവ് നിയമം കേന്ദ്രം കർശനമാക്കിയതോടെ വെടിക്കെട്ട് ത്രിശങ്കുവിലായി.
കേന്ദ്രനിയമം പാലിച്ച് വെടിക്കെട്ട് നടത്താനാവാത്ത സ്ഥിതിയുണ്ടായി. ഒടുവിൽ നിരോധിത സ്‌ഫോടക വസ്തുക്കൾ ഒഴിവാക്കിയും സുരക്ഷാ മാനദണ്ഡം പാലിച്ചും വെടിക്കെട്ട് നടത്താൻ ഉന്നതയോഗം തീരുമാനിക്കുകയായിരുന്നു. പിന്നീട്, വെടിക്കെട്ടിന് റൗണ്ടിന്റെ ഭൂരിഭാഗം സ്ഥലത്തേക്കും ആളുകളെ പ്രവേശിപ്പിക്കാറില്ല. ഇടവഴികളിൽ വെച്ചാണ് കാണികൾ വെടിക്കെട്ട് കാണുന്നത്. റൗണ്ടിൽ നെഹ്രു പാർക്ക് മുതൽ ഇന്ത്യൻ കോഫി ഹൗസ് വരെയുള്ള ഭാഗത്തുമാത്രമാണ് ആളുകളെ പ്രവേശിപ്പിക്കാറ്.
വെടിക്കെട്ട് നിരത്തുന്ന ഫയർ ലൈനിൽ നിന്ന് 100 മീറ്ററാണ് ദൂരപരിധി. ഇത് കണക്കാക്കിയാൽ കുറുപ്പം റോഡ്, എം.ജി. റോഡ് തുടങ്ങിയ റോഡുകളിലെല്ലാം റൗണ്ട് കഴിഞ്ഞും കുറച്ചുകൂടി സ്ഥലത്തെ ജനങ്ങളെ മാറ്റേണ്ടി വരും. മുൻകാലത്തേക്കാൾ വെടിക്കെട്ടിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കൂട്ടപ്പൊരിച്ചിൽ നടക്കുന്ന സ്ഥലമൊഴികെയുള്ള ഇടങ്ങളിൽ ഇളവ് അനുവദിച്ചേക്കും. ഉത്തരവാദിത്വം ജില്ലാഭരണകൂടത്തിനും എക്‌സ്‌പ്ലോസീവ് വിഭാഗത്തിനുമായിരിക്കും എന്നതു കൊണ്ട് കൂടുതൽ ചർച്ചകളിലൂടെയേ അനുമതിയുണ്ടാകൂ.
ഘടകപൂരങ്ങൾക്ക് സഹായവുമായി മന്ത്രിമാർ
ഘടകപൂരങ്ങൾക്കുള്ള സഹായ വിതരണം ടൂറിസം, റവന്യൂമന്ത്രിമാരും ചേർന്ന് നിർവഹിച്ചു. ഇരുമന്ത്രിമാരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഓഫീസുകൾ സന്ദർശിച്ചു. വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ ടൂറിസം മന്ത്രിയെ ആദരിച്ചു. പൂരത്തിന് മുന്നോടിയായി കെ.എസ്.ഇ.ബി, പി.ഡബ്ല്യൂ.ഡി, കോർപറേഷൻ എന്നിവർ നടത്തിയ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ വർഗീസ്, കളക്ടർ ഹരിത വി.കുമാർ, എ.ഡി.എം റെജി പി.ജോസഫ്, സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യ, ആർ.ഡി.ഒ പി.എ.വിഭൂഷണൻ, ഡെപ്യൂട്ടി കളക്ടർ ഐ.ജെ.മധുസൂദനൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാൾ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി.വിജയൻ എന്നിവർ പങ്കെടുത്തു.
ദൃശ്യവാദ്യശബ്ദ വിസ്മയമായ തൃശൂർ പൂരം പൂർവ്വാധികം ഭംഗിയോടെ നടത്താനുള്ള സംവിധാനമാണ് ഒരുക്കുന്നത്. സർക്കാരിന്റെ മേൽനോട്ടത്തിൽ കൃത്യമായി വിലയിരുത്തി ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
കെ.രാജൻ, റവന്യൂമന്ത്രി