തൃശൂർ: ജില്ലയിലെ 50ൽ പരം സംരംഭകരുടെ 200ലേറെ ഉത്പന്നങ്ങളുമായി പൂരം എക്‌സിബിഷനിൽ കുടുംബശ്രീ സ്റ്റാൾ തുടങ്ങി. വിവിധ തരം ചക്ക വിഭവങ്ങൾ, ഷാംബൂകൾ, അച്ചാറുകൾ, സ്‌ക്വാഷുകൾ, കൊണ്ടാട്ടങ്ങൾ, കുടംപുളി, കരകൗശലവസ്തുക്കൾ, കൊതുകുനിവാരിണികൾ തുടങ്ങിയ ഉത്പന്നങ്ങളാണ് മേളയിലുള്ളത്.

കഴിഞ്ഞ ചില വർഷങ്ങളിൽ ഏഴുലക്ഷം രൂപയോളമായിരുന്നു വിറ്റുവരവ്. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പൂരം എക്‌സിബിഷനിലെ സ്ഥിര സാന്നിദ്ധ്യമാണ് കുടുംബശ്രീ ഉത്പന്നങ്ങൾ. കേരളത്തിന്റെ തനിമയും പരിശുദ്ധിയുമുള്ള ഉത്പങ്ങൾ എന്നതാണ് കുടുംബശ്രീ ഉത്പങ്ങളുടെ പ്രത്യേകത.

വർഷങ്ങളായി എക്‌സിബിഷന്റെ ഭാഗമാകാൻ കുടുംബശ്രീക്കാവുന്നത് ഉത്പന്നങ്ങളുടെ ലോകോത്തര നിലവാരം കൊണ്ടാണെന്നും സംഘാടകർ പറഞ്ഞു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ ശോഭു നാരായണൻ, ആദർശ് പി. ദയാൽ, ലൈവ്‌ലിഹുഡ് ബ്ലോക്ക് കോ - ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.