തൃശൂർ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ലോകം ശ്രദ്ധിക്കുന്ന ദൃശ്യവിസ്മയമായി തൃശൂർ പൂരം മാറുമെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇതുവരെ കാണാത്ത ജനത്തിരക്കാണ് പൂരത്തിന് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പൂരം ഒരുക്കം വിലയിരുത്താനായി രാമനിലയത്തിൽ ദേവസ്വം ബോർഡ് പ്രതിനിധികളുമായും റവന്യൂ, കോർപറേഷൻ, പി.ഡബ്ല്യൂ.ഡി, കെ.എസ്.ഇ.ബി പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കൊവിഡ് കാലത്തിന് ശേഷം ലോകത്താകമാനം കാണുന്ന 'റിവഞ്ച് ടൂറിസം' എന്ന പ്രവണത തൃശൂർ പൂരത്തിൽ ദൃശ്യമാകും.
കൊവിഡാനന്തരം ജനങ്ങൾ വാശിയോടെ പുറത്തിറങ്ങുന്ന പ്രവണതയാണിത്. തൃശൂർ പൂരത്തിനായി ചരിത്രത്തിൽ ആദ്യമായി സർക്കാർ 15 ലക്ഷം അനുവദിച്ചു എന്ന പ്രത്യേകതയുമുണ്ട്. തൃശൂർ പൂരം കേരള ടൂറിസത്തിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുമെന്നും ടൂറിസം മന്ത്രി അറിയിച്ചു. പൂരം വെടിക്കെട്ട് റൗണ്ടിലും പരിസരങ്ങളിലും നിന്ന് വീക്ഷിക്കാൻ പൊതുജനങ്ങൾക്ക് സാഹചര്യം ഒരുക്കണമെന്ന ആവശ്യം പെസോ, മറ്റ് ഏജൻസികൾ എന്നിവരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. പൂരം പൂർവ്വാധികം ഭംഗിയോടെ നടത്താനുള്ള സംവിധാനങ്ങളാണ് നടത്തിവരുന്നതെന്നും സർക്കാരിന്റെ മേൽനോട്ടത്തിൽ കൃത്യമായി വിലയിരുത്തി ഒരുക്കം പൂർത്തിയാക്കിയതായും മന്ത്രി അറിയിച്ചു.