2 ബഡ്ജറ്റുകളിലായി നീക്കിവച്ചത് 8 കോടി
തൃപ്രയാർ: രണ്ട് ബഡ്ജറ്റുകളിലായി എട്ട് കോടി രൂപ നീക്കിവച്ചിട്ടും തൃപ്രയാർ ബസ് സ്റ്റാൻഡിന്റെ നിർമ്മാണപ്രവർത്തനം ഇനിയും ആരംഭിച്ചിട്ടില്ല. വർഷങ്ങളായി തകർന്നു കിടക്കുന്ന സ്റ്റാൻഡിനുള്ളിലെ കോൺക്രീറ്റ് കമ്പികൾ പലതും പുറത്തായ നിലയിലാണ്. അകത്തേക്കും പുറത്തേക്കും കടക്കുന്ന ഭാഗങ്ങൾ അപ്പാടെ തകർന്നുതരിപ്പണമായി.
ഗീത ഗോപി എം.എൽ.എ ആയിരിക്കുമ്പോഴാണ് ബസ് സ്റ്റാൻഡ് രൂപകൽപ്പന ചെയ്തത്. പുനർനിർമ്മാണത്തിനായി ഗീത ഗോപിയുടെ ശ്രമഫലമായി ബഡ്ജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ അന്നത്തെ നാട്ടിക പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നുവെങ്കിലും തീരുമാനമായില്ല.
മൂന്ന് നിലകളിലായി ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോപ്ലക്‌സ് സ്ഥാപിക്കണമെന്ന എം.എൽ.എയുടെ നിർദ്ദേശം അംഗീകരിക്കാൻ അന്നത്തെ കോൺഗ്രസ് ഭരണസമിതി തയ്യാറായില്ല. മൾട്ടിപ്ലക്‌സ് തീയേറ്ററും, ഹാളും, അണ്ടർഗ്രൗണ്ട് പാർക്കിംഗുമായുള്ള ബസ് സ്റ്റാൻഡ് വേണമെന്ന നിലപാടിലായിരുന്നു ഭരണസമിതി.
പക്ഷേ തൃപ്രയാർ പോലുള്ള ചെറിയ ടൗണിൽ ഇത്രയും വലിയകെട്ടിടം വേണ്ടെന്ന അഭിപ്രായമായിരുന്നു ഭൂരിപക്ഷം കക്ഷികൾക്കും നാട്ടുകാർക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഭരണം മാറി. മൂന്ന് നിലകളിൽ ബസ് സ്റ്റാൻഡെന്ന നിലയിലേക്ക് പുതിയ എൽ.ഡി.എഫ് ഭരണസമിതി എത്തിച്ചേർന്നു. വീണ്ടും ബഡ്ജറ്റിൽ സ്റ്റാൻഡിനായി മൂന്ന് കോടി രൂപ കൂടി അനുവദിച്ചു. ഇതേതുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രാഥമിക പരിശോധനയും ചർച്ചകളും നടന്നു. സ്ഥലം കൈയേറിയിട്ടുണ്ടെന്ന ആക്ഷേപത്തെ തുടർന്ന് ബസ് സ്റ്റാൻഡിന്റെ സ്ഥലം അളന്നു തിട്ടപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും പ്രാഥമിക രൂപരേഖയും തയ്യാറാക്കിയിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ജില്ലാ സർവേയറുടെ നേതൃത്വത്തിൽ ബസ് സ്റ്റാന്റിന്റെ ഭൂമി അളന്നു തിട്ടപ്പെടുത്തി നൽകിയിട്ടുണ്ട്. പഞ്ചായത്ത് നടപടികൾ പൂർത്തീകരിച്ചു. എത്രയും വേഗം നിർമ്മാണപ്രവർത്തനം ആരംഭിക്കും. ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി പത്ത് ലക്ഷം രൂപയും പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്.
എം.ആർ. ദിനേശൻ, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ്