ചുഴലിക്കാറ്റിൽ തീരദേശത്ത് വ്യാപക നാശനഷ്ടം
കയ്പമംഗലം: തീരദേശത്ത് ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകളുടെ മുകളിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണു. ആളപായമില്ല. ബുധനാഴ്ച അർദ്ധരാത്രിയോടെ ആഞ്ഞുവീശിയ ചുഴലികാറ്റിലാണ് കയ്പമംഗലം ചെന്ത്രാപ്പിന്നി മേഖലകളിൽ നാശനഷ്ടം ഉണ്ടായിട്ടുള്ളത്.
ചെന്ത്രാപ്പിന്നി സി.വി സെന്ററിന് വടക്ക് പുത്തൂർ ദിനേശിന്റെ വീടിന് മുകളിൽ മരം വീണ് നാശനഷ്ടം സംഭവിച്ചു. തെട്ടടുത്ത പറമ്പിലെ മരമാണ് ഒടിഞ്ഞു വീണത്. ചെന്ത്രാപ്പിന്നി സെന്ററിന് പടിഞ്ഞാറ് കൊണ്ടേരി വീട്ടിൽ ഭാരതി സുബ്രഹ്മണ്യന്റെ ഓടിട്ട വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു.
കൂരിക്കുഴി ആശേരിക്കയറ്റം വടക്ക് കരിക്കുഴിപറമ്പിൽ കുഞ്ഞിമുഹമ്മദിന്റെ വീടിന് മുകളിലേക്കും തെങ്ങ് വീണു. ഓടിട്ട വീടിന് മുകളിലാണ് തെങ്ങ് വീണത്. ആശേരിക്കയറ്റം തെക്ക് കോതങ്ങത്ത് പ്രേമദാസിന്റെ വീട്ടുമുറ്റത്തെ കൂറ്റൻ മരം കടപുഴകി വീടിന് മുകളിൽ വീണു. വാർക്കയ്ക്ക് മുകളിലെ റൂഫിംഗ് ഷീറ്റ് പൂർണമായും തകർന്നു.
കമ്പനിക്കടവ് വടക്ക് കണ്ണംപറമ്പിൽ കണ്ണന്റെ വീടിന് മുകളിൽ ഐനിമരം ഒടിഞ്ഞു വീണ് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നിരവധിയിടങ്ങളിൽ മരങ്ങൾ വൈദ്യുതി ലൈനിൽ വീണ് വൈദ്യുതി ബന്ധം തകരാറിലായി. പഞ്ചായത്ത്, വില്ലേജ് അധികൃതർ സംഭവസ്ഥലം സന്ദർശിച്ചു.