തൃശൂർ: ഇരമ്പിയാർക്കുന്ന പൂരപ്പറമ്പിന്റെ ആരവങ്ങൾക്ക് കാതോർത്തിരിക്കെ, ശ്രീമൂല സ്ഥാനത്ത് വാദ്യപ്രമാണിമാരുടെ സംഗമം. പെരുവനം കുട്ടൻ മാരാരും, കിഴക്കൂട്ട് അനിയൻ മാരാരും കോങ്ങാട് മധുവും പരയ്ക്കാട് തങ്കപ്പൻ മാരാരുമാണ് ഇന്നലെ പൂരത്തിന് നേതൃത്വം വഹിക്കുന്നവരെ ആദരിക്കുന്ന ചടങ്ങിനെത്തിയത്.
കൊവിഡ് തളർത്തിയ പൂരത്തിൽ കഴിഞ്ഞ വർഷം ആസ്വാദകരില്ലാതെയാണ് കൊട്ടിത്തീർത്തത്. എന്നാൽ ഇത്തവണ ആ ക്ഷീണം തീർക്കാൻ പറ്റുമെന്നാണ് വിശ്വാസമെന്ന് നാലു പേരും ഒരേ സ്വരത്തിൽ പറയുന്നു.
ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണം ആരംഭിച്ച് രണ്ടര പതിറ്റാണ്ടിലേക്ക് നീങ്ങുന്ന പെരുവനത്തിന് 23 വർഷമായി തന്റെ വലത്ത് താങ്ങും തണലുമായി നിന്നിരുന്ന കേളത്ത് അരവിന്ദാക്ഷൻ മാരാരുടെ അസാന്നിദ്ധ്യം നിരാശ പകരുന്നു. എങ്കിലും ഇലഞ്ഞിത്തറമേളം പതിവു പോലെ കൊട്ടിക്കയറാൻ സാധിക്കുമെന്നാണ് വിശ്വാസമെന്ന് കൂട്ടിച്ചേർക്കുന്നു.
പതിനേഴാം വയസിൽ ഇലഞ്ഞിത്തറ മേളത്തിൽ അരങ്ങേറ്റം കുറിച്ച കിഴക്കൂട്ട് അനിയൻ മാരാർ 2011 ലാണ് തിരുവമ്പാടി വിഭാഗത്തിൽ മേള പ്രമാണിയായത്. നായ്ക്കനാലിൽ മഠത്തിൽ വരവ് പഞ്ചവാദ്യം കൊട്ടിക്കലാശിച്ചാൽ പിന്നെ കിഴക്കൂട്ടിന്റെ പാണ്ടിയാണ്. ശ്രീമൂല സ്ഥാനം ലക്ഷ്യമാക്കി ആസ്വാദകരെ ആവേശത്തിലാറാടിക്കുന്ന കിഴക്കൂട്ടിന്റെ മേളമികവിന് കാത്തിരിക്കുകയാണ് വാദ്യലോകം.
നാല് പതിറ്റാണ്ടായി മഠത്തിൽ വരവിൽ പ്രഗത്ഭർക്കൊപ്പം തിമില കൊട്ടിത്തിമിർത്ത കോങ്ങാട് മധു 2017 മുതലാണ് പ്രമാണിയായത്. പാറമേക്കാവിന്റെ രാത്രി പഞ്ചവാദ്യത്തിന് ഇത്തവണയും പരയ്ക്കാട് തങ്കപ്പൻ മാരാർ തന്നെയാണ് പ്രമാണം. തൃശൂർ പൂരത്തിൽ ആറ് പതിറ്റാണ്ടോളം നിറസാന്നിദ്ധ്യമായിരുന്ന പൊറത്തു വീട്ടിൽ നാണു മാരാരുടെ മകനായ തങ്കപ്പൻ മാരാരും സംഘവും പാറമേക്കാവിന് വാദ്യ സദ്യ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഇലഞ്ഞിത്തറ മേളം ഒരു വികാരമാണ്. അതിൽ കൊട്ടാനുള്ള ഭാഗ്യം വലിയ അനുഗ്രഹമായി കരുതുന്നു. കഴിഞ്ഞവർഷം ആസ്വാദകരില്ലാതെയാണ് കൊട്ടിത്തീർത്തത്. ഇക്കുറി ആൾക്കൂട്ടമുണ്ടാകുമെന്നത് ആവേശകരം.
- പെരുവനം കുട്ടൻ മാരാർ
കൊവിഡ് നിയന്ത്രണമില്ലാതെ രണ്ട് വർഷത്തിന് ശേഷമുള്ള ആർഭാടമായ പൂരമാണിത്. ഇത്തവണത്തെ പൂരത്തെ ഏറെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. പരമാവധി ആസ്വാദകരമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.
- കിഴക്കൂട്ട് അനിയൻ മാരാർ
പൂരത്തിലെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഠത്തിൽ വരവിന്റെ അമരക്കാരനാകുമ്പോൾ താങ്ങായി ചെർപ്പുളശേരി ശിവൻ ഉൾപ്പെടെയുള്ള പ്രഗത്ഭർ ഇത്തവണയും ഉണ്ടാകും.
- കോങ്ങാട് മധു
കഴിഞ്ഞ വർഷം പകൽ പഞ്ചവാദ്യം തകർത്തെങ്കിലും രാത്രി ആലിന്റെ കൊമ്പ് ഒടിഞ്ഞുവീണുണ്ടായ അപകടം ഏറെ ദുഃഖകരമായി. കൊവിഡിനുശേഷമുള്ള പൂരം പ്രതീക്ഷകളോടെ കാത്തിരിക്കുന്നു.
- പരയ്ക്കാട് തങ്കപ്പൻ മാരാർ