കൊടകര: ഒമ്പതുങ്ങൽ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ദ്രവ്യ കലശത്തോടെ നാളെ നടത്തുമെന്നും ചടങ്ങുകൾ ആരംഭിച്ചതായും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി ഏറന്നൂർ നാരായണൻ നമ്പൂതിരി, മേൽശാന്തി മോഹനൻ നമ്പൂതിരി എന്നിവരാണ് മുഖ്യകാർമ്മികത്വം വഹിക്കുന്നത്. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നാളെ അന്നദാനം, വൈകിട്ട് നിറമാല, ചുറ്റുവിളക്ക് എന്നിവ ഉണ്ടാവും. ദീപാരാധനയ്ക്ക് ശേഷം ആലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതവും ഉണ്ടാവും. വാർത്താ സമ്മേളനത്തിൽ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് പി. പ്രഭാകരൻ, സെക്രട്ടറി പി. രാജീവ്, ട്രഷറർ പി. ഭാസ്‌കരൻ, കമ്മിറ്റി അംഗം പി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.