mmmmപഞ്ചായത്ത് ഹോമിയോ ഡിസ്‌പെൻസറി കെട്ടിടം

കാഞ്ഞാണി: ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് ഹോമിയോ ഡിസ്‌പെൻസറി കെട്ടിട നിർമ്മാണം സ്വകാര്യവ്യക്തിയുടെ പരാതിയെ തുടർന്ന് പൊലീസ് നിറുത്തിവയ്പ്പിച്ചു. പഞ്ചായത്ത് കെട്ടിടത്തിനുള്ളിൽ ഒറ്റമുറിയിലാണ് വർഷങ്ങളായി ഡിസ്‌പെൻസറി പ്രവർത്തിച്ചുവരുന്നത്.
അതിനാൽ കഴിഞ്ഞ ഭരണസമിതി കാലത്ത് ഡിസ്‌പെൻസറിയുടെ മുൻവശത്ത് സൗകര്യം ഒരുക്കാൻ ശ്രമിച്ചെങ്കിലും മറ്റൊരു കെട്ടിടത്തിലെ വ്യാപാരി സ്ഥാപനത്തിലേക്കുള്ള വഴിതടയുന്നുവെന്ന് കാട്ടി ഹൈകോടതിയിൽ നിന്ന് സ്റ്റേ വാങ്ങി. അതിനാൽ ഹോമിയോ ഡിസ്‌പെൻസറിയുടെ കെട്ടിടനിർമ്മാണം നിയമക്കുരുക്കിലായി. ഇതോടെ സൗകര്യങ്ങളില്ലാതെ ഡോക്ടറും ജീവനക്കാരും വീർപ്പുമുട്ടലിലായിരുന്നു.
പുതിയ ഭരണസമിതി നിലവിൽ വന്ന് പഞ്ചായത്ത് നിയമോപദേശം തേടി വീണ്ടും കെട്ടിടം നിർമ്മിക്കാനുള്ള ഒരുക്കം തുടങ്ങിയതോടെ പരാതിക്കാരൻ എം.എസ്.ധനേശൻ സ്റ്റേ നിലനിൽക്കുന്ന സ്ഥലത്ത് നിർമ്മാണപ്രവർത്തനം നടത്തുന്നുവെന്ന് കാട്ടി അന്തിക്കാട് പൊലിസിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് നിർമ്മാണ പ്രവർത്തനം തടഞ്ഞത്. കാഞ്ഞാണിയിൽ പഞ്ചായത്ത് കെട്ടിടത്തിൽ നിന്ന് ഹോമിയോ ഡിസ്‌പെൻസറി മാറ്റി സ്ഥാപിക്കാൻ കഴിയാത്തതിനാൽ അവിടെ തന്നെ സൗകര്യമൊരുക്കാനായി കെട്ടിടം നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒരുങ്ങിയത്. സ്റ്റേ നിലനിൽക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഒഴിവാക്കാനുള്ള നടപടിയെടുത്തിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.ജോൺസൺ പറഞ്ഞു.