പാവറട്ടി: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാവറട്ടി സെന്റ് ജോസഫ്‌സ് തീർത്ഥകേന്ദ്രത്തിലെ തിരുനാൾ 6, 7, 8 തീയതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. താളമേളങ്ങളുടെ വൈവിദ്ധ്യമായ വിഭവങ്ങൾ പങ്കുവെയ്ക്കുന്ന തിരുനാൾ വന്നെത്തി. ചെണ്ട വാദ്യവും ബാൻഡ് മേളവും തിരുനടയിൽ സംഗീതവും നാടകവും ഉൾപ്പെടെ നിരവധി പരിപാടികളാണ് ഒരുങ്ങുന്നത്. ഇന്ന് വൈകിട്ട് 7 ന് തിരുമുറ്റ മെഗാ ഫ്യൂഷൻ, മേയ് ഏഴിന് വൈകിട്ട് 7 ന് തിരുനാൾ സൗഹൃദ വേദിയുടെ നടക്കൽ മേളം അരങ്ങേറും. മേയ് 9 മുതൽ 14 വരെ എല്ലാ ദിവസവും വൈകിട്ടുളള ദിവ്യബലിക്കു ശേഷം രാത്രി 7 മുതൽ 10 വരെ മെഗാ മ്യൂസിക്കൽ നൈറ്റ്, കലാസന്ധ്യ, തിരുവനന്തപുരം സൗപർണികയുടെ നാടകം, ഗിന്നസ് സെബാസ്റ്റ്യൻ ജോസഫ് ഇൻട്രുമെന്റൽ ഗാനമേള, മ്യൂസിക് നൈറ്റ് 2022, സംഗീത കലാവിരുന്ന് നാടകം എന്നീ സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും.

തിരുനാൾ കാരുണ്യം 50 ലക്ഷം
തിരുനാളിനോടനുബന്ധിച്ചുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അരക്കോടി രൂപയുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കൊടിയേറ്റം മുതൽ തിരുനാൾദിനം വരെയുള്ള ദിവസങ്ങളിൽ തീർത്ഥകേന്ദ്രത്തിന് കീഴിലുള്ള സാൻജോസ് പാരിഷ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് സൗജന്യമാക്കിയിട്ടുണ്ട്. കൂടാതെ ഹോസ്പിറ്റലിൽ പാവപ്പെട്ടവർക്ക് 146-ാം തിരുനാളിനോടനുബന്ധിച്ച് 146 സൗജന്യ ഡയാലിസിസ് നൽകും. ചികിത്സാ സഹായം, ഭവന നിർമ്മാണ സഹായം, വിവാഹ സഹായം, വിദ്യാഭ്യാസ സഹായം എന്നിവ ഒരു വർഷം നീണ്ടുനിൽക്കുന്ന കാരുണ്യ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൊവിഡ് മരണം സംഭവിച്ച കുടുംബങ്ങൾക്കുള്ള പ്രത്യേക സാമ്പത്തിക സഹായപദ്ധതിയും തീർത്ഥ കേന്ദ്രം നടപ്പാക്കുന്നുണ്ട്.