ആരോഗ്യ വിഭാഗം ജീവനക്കാർ ഹോട്ടലുകളിൽ പരിശോധന നടത്തുന്നു.
കുന്നംകുളം: നഗരസഭാ പ്രദേശങ്ങളിലെ ഹോട്ടലുകളിൽ കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക സ്‌ക്വാഡാണ് പരിശോധന നടത്തിയത്. ദിവസങ്ങൾ പഴക്കമുള്ള പൊറോട്ട, ചിക്കൻ ഫ്രൈ, അൽഫാമിനായി മസാല തേച്ചുവച്ച ചിക്കൻ തുടങ്ങിയവയാണ് ആരോഗ്യ വിഭാഗം പിടികൂടിയത്. ഹെൽത്ത് ഇൻസ്പക്ടർ എ. മോഹൻദാസിന്റെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്‌ക്വാഡ് അംഗങ്ങളായ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അരുൺ വർഗീസ്, എസ്. രശ്മി എന്നിവരടങ്ങുന്ന സംഘമാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. ഹോട്ടലുകളും ശീതളപാനീയക്കടകളും ബേക്കറികളും കൃത്യമായ ശുചിത്വ നിലവാരം പുലർത്തുകയും ഗുണനിലവാരമുള്ള ഭക്ഷണ പദാർത്ഥങ്ങൾ വിതരണം ചെയ്ത് പൊതുജനാരോഗ്യ സംരക്ഷണത്തിൽ നഗരത്തിലെ എല്ലാ കച്ചവടക്കാരും പങ്കാളികളാകളാകേണ്ടതാണെന്ന് നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ കെ.എസ.് ലക്ഷ്മണൻ അറിയിച്ചു. കുന്നംകുളം നഗരസഭാ മേഖലകളിലെ ഹോട്ടലുകളിൽ വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.