ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂർ - കൂർക്കഞ്ചേരി സംസ്ഥാന പാത നിർമ്മാണവുമായി ബന്ധപ്പെട്ട് വെള്ളാങ്ങല്ലൂർ മനക്കലപ്പടി പട്ടര്പാലം പുതുക്കി പണിയാൻ പഴയ പാലം പൊളിച്ച സ്ഥലത്തെ ജലനിധി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. പാലത്തിനായി എടുത്ത കിടങ്ങിൽ വെള്ളം നിറഞ്ഞ് റോഡിന്റെ ഇരുവശവും ഇടിയാറായ നിലയിലാണ്. ഭാരമുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ താത്കാലികമായി ഉണ്ടാക്കിയ റോഡും തകരാൻ സാദ്ധ്യതയുണ്ട്. അപകടഭീഷണി ഉണ്ടെന്ന് അധികൃതരോട് പറഞ്ഞെങ്കിലും പഞ്ചായത്തോ, ജല അതോറിറ്റിയോ, കരാറുകാരോ നടപടി എടുത്തിട്ടില്ല. കിടങ്ങിൽ മതിയായ സുരക്ഷാ മുന്നറിയിപ്പുകൾ ഇല്ലാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബൈക്ക് യാത്രികൻ വീണ് പരിക്കേറ്റിരുന്നു. വേണ്ടത്ര മുന്നറിയിപ്പ് ലൈറ്റുകൾ ഇനിയും സ്ഥാപിച്ചിട്ടില്ല. നിർമ്മാണം ഇപ്പോൾ നിറുത്തിവച്ചിരിക്കുകയാണ്. പഞ്ചായത്തിൽ കുടി വെള്ളക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കുടിവെള്ളം പാഴാകുന്നത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കോൺഗ്രസ് സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന പറഞ്ഞു.