തൃശൂർ : പൂരങ്ങൾ നിശ്ചിത സമയത്ത് ആരംഭിക്കുകയും അവസാനിപ്പിക്കുകയും വേണമെന്ന് തൃശൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. ആന എഴുന്നള്ളിപ്പുമായും വെടിക്കെട്ടുമായും ബന്ധപ്പെട്ട സുപ്രീംകോടതി/ ഹൈക്കോടതി ഉത്തരവുകളും അതാത് സമയത്തെ സർക്കാർ ഉത്തരവുകളിലുള്ള നിർദ്ദേശങ്ങളും പാലിക്കണം. ആനകളെ എഴുന്നള്ളിക്കുന്നതിന് ആവശ്യമായ രേഖകൾ ബന്ധപ്പെട്ട അസിസ്റ്റന്റ് കമ്മിഷണർ ഒഫ് പൊലീസ് / ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് മുമ്പാകെയും ഫോറസ്റ്റ് / വെറ്ററിനറി ഉദ്യോഗസ്ഥർ മുമ്പാകെയും ഹാജരാക്കണം. മുൻകാലങ്ങളിൽ ഇടഞ്ഞ് ആളപായം വരുത്തിയിട്ടുള്ള ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്. പൂരം നടക്കുന്ന തിയതികളിൽ ഹെലികോപ്ടർ, ഹെലികാം എയർഡ്രോൺ, ജിമ്മിജിഗ് കാമറകൾ, ലേസർ ഗൺ എന്നിവയുടെ ഉപയോഗം ക്ഷേത്രമൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂർണ്ണമായും നിരോധിച്ചു.
ആനകൾക്ക് അലോസരമുണ്ടാക്കരുത്
ആനകളുടെയും മറ്റും കാഴ്ചകൾ മറക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകൾ, ആനകൾക്കും പൊതുജനങ്ങൾക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വിസിൽ, വാദ്യങ്ങൾ, മറ്റ് ഉപകരണങ്ങൾ, ലേസർ ലൈറ്റുകൾ എന്നിവയുടെ ഉപയോഗവും ഈ ദിവസങ്ങളിൽ പൂർണ്ണമായും നിരോധിച്ചു.