ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ തൂണുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ഞായറാഴ്ച്ചയ്ക്കകം പൂർത്തീകരിക്കും. റെയിൽവെ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ.കെ. അക്ബർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം. സർവീസ് റോഡിന്റെ ഒരു ഭാഗം തിങ്കൾ മുതൽ തുറന്നുകൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 30 നകം സർവീസ് റോഡുകൾ പൂർണമായും സഞ്ചാരയോഗ്യമാക്കും. റെയിൽവേയുടെ അധീനതയിലുള്ള പാളത്തിന്റെ അടുത്ത് പൈൽ ചെയ്ത് തൂണുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ നിർവഹണം റോഡ് ആൻഡ് ബ്രിഡ്ജ്‌സ് ഡവലപ്‌മെന്റ് കോർപ്പറേഷൻ ഒഫ് കേരളയ്ക്കാണ്. ഇക്കാര്യത്തിൽ കാലതാമസം വരുത്തരുതെന്ന് യോഗത്തിൽ എം.എൽ.എ കർശന നിർദ്ദേശം നൽകി. എത്രയും വേഗം റെയിൽവേ അംഗീകാരം ലഭ്യമാക്കി പൈലിംഗും അനുബന്ധ പ്രവൃത്തികളും നിർവഹിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. റെയിൽവേ പാളത്തിന് മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിന് ടെണ്ടർ വിളിച്ച സാഹചര്യത്തിൽ നടപടികൾ സ്വീകരിക്കുന്നതിന് നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി. തിരുവെങ്കിടം അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് വിശദമായ പ്ലാൻ, ഡിസൈൻ എന്നിവ റെയിൽവേക്ക് സമർപ്പിച്ച് എത്രയും വേഗം അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഗുരുവായൂർ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. റെയിൽവേ മേൽപ്പാലവുമായി ബന്ധപ്പെട്ട് സർവീസ് റോഡുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നതിന് പൊതുമരാമത്ത് വകുപ്പ് എൻജിനിയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, സെക്രട്ടറി ബീന എസ്. കുമാർ, ചാവക്കാട് തഹസിൽദാർ ടി.കെ. ഷാജി, റെയിൽവേ അസി.എക്‌സി. എൻജിനിയർ അബ്ദുൾ അസീസ്, ജല അതോറിറ്റി അസി.എക്‌സി.എൻജിനിയർ കെ.കെ. വാസുദേവൻ, കെ.എസ്.ഇ.ബി അസി.എക്‌സി.എൻജിനിയർ എം. ബിജി, പൊതുമരാമത്ത് എൻജിനിയർ കെ.ജി. സന്ധ്യ, ടെമ്പിൾ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സി. പ്രേമാനന്ദകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.