പാവറട്ടി: പാവറട്ടി പള്ളി തിരുനാൾ സംസ്ഥാന ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്തുമെന്ന് റവന്യൂമന്ത്രി കെ. രാജൻ. പാവറട്ടി പള്ളി തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് കൺട്രോൾ റൂം തുറക്കാനും തീരുമാനമായി. തിരുനാളുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തിൽ പാവറട്ടി പള്ളി ഹാളിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കുടിവെള്ള വിതരണത്തിന് തടസമുണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ പി.ഡബ്ല്യു.ഡി, ജല അതോറിറ്റി തുടങ്ങീ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാനുള്ള മുൻകരുതൽ സ്വീകരിക്കുന്നതിന് പൊലീസിന് പ്രത്യേക നിർദ്ദേശം നൽകി. തിരുനാൾ സംബന്ധിച്ച്
കൂടുതൽ നിർദ്ദേശങ്ങളും അറിയിപ്പുകളും ജില്ലാ കളക്ടർ തുടർ ദിവസങ്ങളിൽ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ മുരളി പെരുനെല്ലി എം.എൽ.എ, ചാവക്കാട് തഹസിൽദാർ ടി.കെ. ഷാജി, പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ, സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. രമേശ്, സബ് ഇൻസ്‌പെക്ടർ സി.എം. രതീഷ്, ദേവാലയ വികാരി ഫാദർ ജോൺസൺ ഐനിക്കൽ എന്നിവർ പങ്കെടുത്തു.