
ചേർപ്പ്: തൃശൂർ പൂരം ഇലഞ്ഞിത്തറ മേളത്തിൽ മേളപ്രമാണി പെരുവനം കുട്ടൻ മാരാർക്കൊപ്പം കൊട്ടിക്കയറാൻ പെരുവനത്തിന്റെ യുവ കലാകാരന്മാരും രംഗത്ത്. കുട്ടൻ മാരാരുടെ മകൻ കാർത്തിക് പി.മാരാരും (അപ്പുവും) മാരാരുടെ ശിഷ്യനായ പെരുവനം ശ്രീശങ്കറുമാണ് (ഉണ്ണി) മേള വൈദഗ്ദ്ധ്യം ഇക്കുറി തെളിയിക്കുക.
ഇടം തലയിൽ പതിനഞ്ചാമനായി കാർത്തികും, വലം തലയിൽ പതിനാലാമനായി ശ്രീശങ്കറും മറ്റു മേള കലാകാരന്മാർക്കൊപ്പം മേളാരവം തീർക്കും. തായമ്പകയിലും ശ്രദ്ധേയനായ കാർത്തികിന് ഇലഞ്ഞിത്തറ മേളത്തിന് പിതാവിനൊപ്പം കെട്ടിക്കയറാൻ കഴിയുന്നത് അസുലഭ നിമിഷമാണ്. തൃപ്പൂണിത്തുറ, പെരുവനം, ആറാട്ടുപുഴ, ഇരിങ്ങാലക്കുട തുടങ്ങിയ ക്ഷേത്ര ഉത്സവങ്ങളിലും പൂരങ്ങളിലും പങ്കെടുത്ത് പെരുവനത്തിന്റെ മേളകലാ പാരമ്പര്യം സംരക്ഷിക്കുകയാണ് അപ്പുവും, ഉണ്ണിയും...