ulgadanam

കയ്പമംഗലം: തകർന്നു തരിപ്പണമായ എടത്തിരുത്തി മധുരമ്പിള്ളി ശ്രീമുരുക റോഡിന് ശാപമോക്ഷം. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം അറുപത് ശതമാനം കേന്ദ്ര വിഹിതവും നാൽപത് ശതമാനം സംസ്ഥാന വിഹിതവും ചേർന്ന് 303.24 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പുനർനിർമ്മിക്കുക. അഞ്ച് വർഷത്തെ അറ്റകുറ്റ പണിക്കായി സംസ്ഥാന സർക്കാർ 27.16 ലക്ഷം രൂപയും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തി.

ദേശീയപാത 66 നെയും ഇരിങ്ങാലക്കുട കാട്ടൂർ റോഡിനെയും ബന്ധിപ്പിക്കുന്ന ഈ റോഡിന് 8 മീറ്റർ വീതിയും 5.120 കിലോമീറ്റർ നീളവുമുണ്ട്. ഈ റോഡിൽ നിലവിൽ 11 കലുങ്കുകളുണ്ട്. അതിൽ അഞ്ച് കലുങ്കുകൾ പുതുക്കി പണിയും. റോഡിന്റെ നിലവിലെ അവസ്ഥ പരിഗണിച്ച് പുതിയ രണ്ട് കലുങ്ക് പുതുതായി നിർമ്മിക്കും.

വെള്ളം ഒഴുകിപ്പോകുന്നതിന് കാന, സൂചനാബോർഡുകൾ, കിലോമീറ്റർ സ്റ്റോൺ, ഗാർഡ് സ്റ്റോൺ സ്ഥാപിക്കാനും എസ്റ്റിമേറ്റിൽ തുക വകയിരുത്തി. എടത്തിരുത്തി സിറാജ് നഗറിൽ ബെന്നി ബെഹനാൻ എം.പി നിർമ്മാണോദ്ഘാടനം നിർവഹിച്ചു. ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്.ജയ, ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിൽഷ സുധീർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ആർ.നിഖിൽ, വാസന്തി തിലകൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നൗമി പ്രസാദ്, വി.എസ്.ജിനേഷ്, എം.കെ.ഫൽഗുണൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ റോസി സോളി, പഞ്ചായത്ത് സെക്രട്ടറി റെനി പോൾ തുടങ്ങിയവർ പങ്കെടുത്തു.