1
വെട്ടിക്കാട്ടിരി മീൻ മാർക്കറ്റിൽ ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി നടന്ന പരിശോധന.

വടക്കാഞ്ചേരി: മുള്ളൂർക്കര വെട്ടിക്കാട്ടിരിയിലെ സ്വകാര്യ പറമ്പിൽ നടന്നുവരുന്ന മത്സ്യ വ്യാപാര കേന്ദ്രത്തിൽ ഫിഷറീസ് വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവ നടത്തിയ സംയുക്ത പരിശോധനയിൽ 75 കിലോ പഴകിയ മത്സ്യം കണ്ടെടുത്ത് നശിപ്പിച്ചു. ചാള, കൊഴുവാ എന്നീ ഇനം മത്സ്യങ്ങളാണ് നശിപ്പിച്ചത്. കേടുവന്ന മത്സ്യം വിപണനത്തിനായി എത്തിക്കുന്നു എന്ന പരാതിയെ തുടർന്നാണ് വ്യാപാര കേന്ദ്രത്തിൽ ഓപ്പറേഷൻ മത്സ്യ എന്ന പേരിൽ സംയുക്ത പരിശോധന നടത്തിയത്.
സ്വകാര്യ ഭൂമി പാട്ടത്തിനെടുത്താണ് ഇവിടെ വ്യാപാരം നടക്കുന്നത്. വിവിധ സ്ഥലങ്ങളിലേക്കുള്ള മത്സ്യം വിപണനത്തിനായി കൊണ്ടുപോകുന്നത് ഇവിടെ നിന്നാണ്. പരിശോധനയിൽ മൂന്ന് ബോക്‌സ് പഴകിയ മത്സ്യമാണ് കണ്ടെടുത്തത്. ഇത് ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശമനുസരിച്ച് നശിപ്പിച്ചു കളഞ്ഞു.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജിബിന, ഫുഡ് സേഫ്റ്റി ഓഫീസർമാരായ അനു ജോസഫ്, അരുൺ കാര്യാട്ട്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവ് ടി.പി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.