തൃശൂർ: എസ്.എൻ.ബി.പി യോഗത്തിൽ മൺമറഞ്ഞ മഹാരഥൻമാരെക്കുറിച്ച് തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം ഞായറാഴ്ച വൈകിട്ട് നാലിന് നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി കെ. രാജൻ പ്രകാശന കർമം നിർവഹിക്കും. ടി.എൻ. പ്രതാപൻ എം.പി പുസ്തകം ഏറ്റുവാങ്ങും. മുൻ കോർപറേഷൻ കൗൺസിലർ കെ.എം. സിദ്ധാർഥൻ മാസ്റ്ററാണ് എഴുത്തുകാരൻ. ചടങ്ങിൽ എസ്.എൻ.ഡി.പി അസി.സെക്രട്ടറി കെ.വി. സദാനന്ദൻ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുക്കും. 1912 ലാണ് ബോധാനന്ദ സ്വാമികൾ എസ്.എൻ.ബി.പി യോഗം സ്ഥാപിച്ചത്. അന്നു മുതൽ ഇതുവരെ മൺമറഞ്ഞുപോയ അറുപതു പേരുടെ ചരിത്രമാണ് പുസ്തകത്തിലുള്ളതെന്ന് കെ.എം. സിദ്ധാർഥൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഘാടക സമിതിയംഗങ്ങളായ ഡോ. സത്യനാഥൻ, ഡോ. എം.എസ്. ശ്രീരാജ്, ആനന്ദപ്രസാദ്, അരുൺ തോളൂർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.