കുന്നംകുളം: മധുരക്കുളം റോഡരികിലെ പൊതുകാനയിലേക്ക് മനുഷ്യവിസർജ്യം അടക്കമുള്ള മലിനജലം ഒഴുക്കിവിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മധുരകുളം നിവാസികൾ നഗരസഭാ ചെയർപേഴ്‌സൺ സീതാ രവീന്ദ്രനെ സമീപിച്ചു. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ നഗരസഭാതല പരിപാടിക്കിടെയാണ് സമീപവാസികൾ തങ്ങളുടെ പ്രശ്‌നം ഉന്നയിച്ച് രംഗത്തെത്തിയത്. മലിനജലം ഒഴുകിവരുന്ന പൈപ്പുകൾ നഗരസഭാ ഹെൽത്ത് വിഭാഗം കഴിഞ്ഞദിവസങ്ങളിലായി കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചെങ്കിലും ഇത് പൊളിച്ചു മാറ്റി മനുഷ്യവിസർജ്യം അടക്കമുള്ള മലിനജലം ഒഴുക്കിവിടുകയാണെന്ന് സമീപവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഒഴുകിവന്ന മലിനജലം കെട്ടിക്കിടന്ന് പ്രദേശത്ത് അസഹ്യമായ ദുർഗന്ധം വമിച്ചിരുന്നതായും സമീപവാസികൾ പറയുന്നു. തുടർന്ന് ചെയർപേഴ്‌സണും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഹെൽത്ത് വിഭാഗവും സ്ഥലം സന്ദർശിച്ചു. ജനങ്ങളുടെ നിരന്തരമായ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉടനടി ഉണ്ടാകണമെന്ന് വാർഡ് കൗൺസിലർ ലബീബ് ഹസ്സൻ ആവശ്യപ്പെട്ടു. തെളിനീര് ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നടന്ന ജലസഭയിൽ മലിനജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങളെ അടയാളപ്പെടുത്തുകയും കർശനമായ നടപടികൾ സ്വീകരിക്കുമെന്നും സ്ഥാപനങ്ങൾക്കെതിരെ നിയമപരമായി പിഴ ഈടാക്കുമെന്നും മലിനജലം ഒഴുകി പോകാത്ത കാനയുടെ അപാകതകൾ പരിഹരിക്കുമെന്നും ഇതിനായി നഗരസഭയുടെ വാർഷിക പദ്ധതിയിൽ തുക വകയിരുത്തുന്നതിനും സഭയിൽ തീരുമാനമായി.