കോൺഗ്രസ് കൗൺസിലർമാർ നഗരസഭാ സെക്രട്ടറിയെ ഉപരോധിക്കുന്നു.
കുന്നംകുളം: വർക്കിംഗ് ഗ്രൂപ്പ് യോഗം അറിയിച്ചില്ലെന്ന പരാതിയുമായി കുന്നംകുളം നഗരസഭ സെക്രട്ടറി ഇൻചാർജ് ഉഷാകുമാരിയെ കോൺഗ്രസ് കൗൺസിലർമാർ ഉപരോധിച്ചു. കോൺഗ്രസ് കൗൺസിലർമാരായ ബിജു സി. ബേബി, ഷാജി ആലിക്കൽ, ലബീബ് ഹസ്സൻ, മിഷാ സെബാസ്റ്റ്യൻ, മിനി മോൻസി എന്നിവരാണ് ഉപരോധിച്ചത്. 2022-23 വർഷത്തെ വർക്കിംഗ് ഗ്രൂപ്പ് യോഗം വെള്ളിയാഴ്ച കുന്നംകുളം നഗരസഭ ടൗൺ ഹാളിൽ ആരംഭിച്ചിരുന്നു. ഗ്രൂപ്പ് യോഗം ആരംഭിച്ചതിനു ശേഷമാണ് യോഗം ഉള്ളതായി കോൺഗ്രസ് കൗൺസിലർമാർ അറിഞ്ഞത്. ഇതിൽ പ്രതിഷേധിച്ച് നഗരസഭാ സെക്രട്ടറിയെ കോൺഗ്രസ് കൗൺസിലർമാർ ഉപരോധിക്കുകയായിരുന്നു. പിന്നീട് നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. സുരേഷ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. സോമശേഖരൻ എന്നിവരുമായി ഇവർ ചർച്ച നടത്തി. വർക്കിംഗ് ഗ്രൂപ്പ് യോഗം വരുന്ന 10 ലേക്ക് മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു. ഇതോടെയാണ് ഉപരോധം അവസാനിപ്പിച്ച് കോൺഗ്രസ് കൗൺസിലർമാർ പിരിഞ്ഞുപോയത്.