pooram

തൃശൂർ: തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീർണാവസ്ഥയിലുള്ള 124 കെട്ടിടങ്ങളുടെയും പേരുവിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്. സ്വരാജ് റൗണ്ടിലാണ് ഭൂരിഭാഗവും കെട്ടിടങ്ങളുള്ളത്. എം.ഒ.റോഡ്, ഹൈറോഡ്, അരിയങ്ങാടി, എം.ജി.റോഡ്, ഷൊർണൂർ റോഡ്, പടിഞ്ഞാറേക്കോട്ട, ചെട്ടിയങ്ങാടി, പോസ്റ്റ് ഓഫീസ് റോഡ് എന്നിവിടങ്ങളിലെ കെട്ടിടങ്ങളുടെ പേരും പൊലീസ് നൽകിയിട്ടുണ്ട്. ഈ കെട്ടിടങ്ങളിൽ സാമ്പിൾ വെടിക്കെട്ട് കാണാൻ കാണികൾ കയറുന്നത് നിരോധിച്ചതായും പൊലീസ് അറിയിച്ചു. നിർമാണാവസ്ഥയിലുള്ളതും, ശരിയായി സുരക്ഷാ ക്രമീകരണം പാലിക്കാതെ നിർമ്മിച്ചതുമായ കെട്ടിടങ്ങളിലും പ്രവേശനം നൽകില്ല.

വെടിക്കെട്ട് കാണാനായി തൃശൂർ നഗരത്തിലേക്ക് വരുന്ന ജനങ്ങൾ, റോഡരികിൽ വാഹനങ്ങൾ നിറുത്തിയിടാതെ സുരക്ഷിതമായി ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്. പത്ത് ഗ്രൗണ്ടുകളാണുള്ളത്. ഇവിടെ പൊലീസ് സേവനവും ലഭ്യമാണ്. സാമ്പിൾ ദിവസം സ്വരാജ് റൗണ്ടിന് പുറത്തുള്ള സ്ഥലങ്ങളിൽ ക്രമസമാധാന പാലനത്തിനും, ഗതാഗത ക്രമീകരണത്തിനുമായി രണ്ട് അസി. കമ്മിഷണറുടെ കീഴിൽ, എട്ട് സെക്ടറുകളാക്കി തിരിച്ച് പ്രധാന സ്ഥലങ്ങളിലെല്ലാം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഗതാഗതകുരുക്ക് ഒഴിവാക്കാൻ കാൽനട, ഇരുചക്രവാഹന, ജീപ്പ് പട്രോളിംഗുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പാർക്കിംഗ് ഗ്രൗണ്ടുകൾ

പറവട്ടാനി ഗ്രൗണ്ട്
തോപ്പ് സ്‌കൂൾ
പള്ളിക്കുളം
ശക്തൻ കോർപറേഷൻ മൈതാനം
ഇക്കണ്ടവാരിയർ റോഡ് മൈതാനം
കുറുപ്പം റോഡ് പേ ആൻഡ് പാർക്ക്
പഴയ സ്വപ്ന തിയേറ്റർ ഗ്രൗണ്ട്
അരണാട്ടുകര നേതാജി ഗ്രൗണ്ട്
പളളിത്താമം ഗ്രൗണ്ട്
അക്വാട്ടിക് കോംപ്‌ളക്‌സ് താത്കാലിക ബസ് സ്റ്റാൻഡ്

കണ്ണുതെറ്റാതെ മഫ്ടി പൊലീസ്

ജനക്കൂട്ടത്തിനിടയിൽ സമൂഹ വിരുദ്ധരുടെ ശല്യം, പ്രത്യേകിച്ചും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം ഇല്ലാതാക്കാൻ പ്രത്യേകം മഫ്ടി പൊലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
ജനങ്ങൾ തിങ്ങിക്കൂടുന്ന പ്രധാന സ്ഥലങ്ങളിലും പൂരം എക്‌സിബിഷൻ, തേക്കിൻകാട് മൈതാനം, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സി.സി.ടി.വി കാമറകൾ.

വിവരങ്ങൾ വിളിച്ചുപറയും

അഭ്യൂഹങ്ങൾ പ്രചരിക്കാതിരിക്കുന്നതിനും, പൊതുജനങ്ങൾക്ക് കൃത്യമായ അറിയിപ്പ് നൽകാനും പബ്ലിക് അഡ്രസ് സിസ്റ്റമുണ്ട്. നഗരത്തിലെ ഭൂരിഭാഗം സ്ഥലത്തേക്കും സന്ദേശങ്ങൾ നൽകാൻ കഴിയും. വെടിക്കെട്ട് സമയത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാൽ ഒഴിപ്പിക്കാനായി രാഗം തിയേറ്ററിന് സമീപമുള്ള ചെമ്പോട്ടിൽ ലൈൻ എമർജൻസി റൂട്ട് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ റോഡിൽ വാഹനങ്ങൾ ഉൾപ്പെടെ യാതൊരു തടസങ്ങളും അനുവദിക്കില്ല.

മെഡിക്കൽ സംഘം

സാമ്പിൾ വെടിക്കെട്ട്, ആനച്ചമയപ്രദർശനം, പൂരം ദിനങ്ങളിൽ പൊതുജനങ്ങൾക്ക് സഹായം ലഭിക്കാനായി തൃശൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മെഡിക്കൽ എമർജൻസി ടീമിനെ വിന്യസിച്ചിട്ടുണ്ട്. വെടിക്കെട്ട് നടക്കുന്ന പ്രദേശത്തോട് ചേർന്നുള്ള മൂന്ന് പെട്രോൾ ബങ്കുകളിൽ വെടിക്കെട്ട് ദിവസങ്ങളിൽ പെട്രോളിയം ഉത്പന്നങ്ങൾ സ്റ്റോക്ക് ചെയ്യുന്നത് ഒഴിവാക്കാൻ ഉടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്.