ചാലക്കുടി: വാർഷിക പദ്ധതികളുടെ ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് 32 ലക്ഷം രൂപ ചെലവഴിച്ച് മേലൂർ പഞ്ചായത്തിലെ മുരിങ്ങൂരിൽ നിർമ്മിച്ച റിഹാബിലിറ്റേഷൻ ബഡ്‌സ് കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു സമൂഹം പരിഷകൃതമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് അവിടുത്തെ ഏറ്റവും ദുർബലരായ വിഭാഗത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ പട്ടിക പരിശോധിച്ചാണ്. പ്രതിപക്ഷ നേതാവ് തുടർന്ന് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസിന്റെ മകൻ ഡെൽവിൻ ഡേവിസ്, താൻ വരച്ച വി.ഡി. സതീശന്റെ ഛായാചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു. റിഹാബിലിറ്റേഷൻ സെന്റർ ഇന്ത്യയിലെ പ്രമുഖ വ്യക്തികളുടെ ഛായചിത്രം കൊണ്ട് അലങ്കരിച്ച കെവിൻ മാണി കുരിശിങ്കലിനെ വേദിയിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ അദ്ധ്യക്ഷനായി. എം.പി. ബെന്നി ബെഹന്നാൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ്, പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, ജില്ലാ പഞ്ചായത്ത് അംഗം ലീലാ സുബ്രഹ്മണ്യൻ, പി.കെ. ജേക്കബ്, ബീന രവീന്ദ്രൻ, പി.പി. പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.

റിഹാബിലിറ്റേഷൻ ബഡ്‌സ് കേന്ദ്രത്തിന്റെ പ്രസക്തി

ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ പ്രഥമ സമഗ്ര പുനരധിവാസ കേന്ദ്രമാണ് മുരിങ്ങൂരിൽ നിർമ്മിച്ച റിഹാബിലിറ്റേഷൻ ബഡ്‌സ് കേന്ദ്രം. ഭിന്നശേഷിക്കാർക്ക് സേവനങ്ങളും തൊഴിൽ പരിശീലനവും ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.