കടുപ്പശ്ശേരി: ആദ്യകുർബാന സ്വീകരണത്തിന് ആൻവിൻ ബിജു എത്തിയത് കുതിരപ്പുറത്ത്. കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിൽ ഇന്നലെ നടന്ന ആദ്യ കുർബാന സ്വീകരണ ചടങ്ങിലേക്ക് മറ്റു കുട്ടികൾ കാറിലും സ്‌കൂട്ടറിലുമൊക്കെ എത്തിയപ്പോൾ, തന്റെ കളിക്കൂട്ടുകാരിയായ അഞ്ച് വയസ് പ്രായമുള്ള ബ്ലെസി എന്ന കുതിരയുടെ പുറത്താണ് കടുപ്പശ്ശേരി സ്വദേശി ആൻവിൻ ബിജു എത്തിയത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ആൻവിന് ജന്മദിന സമ്മാനമായി പിതാവ് ബിജു കൊടിയൻ ഗുജറാത്തിൽ നിന്നും എത്തിച്ച് നൽകിയ കുതിരയാണ് ബ്ലെസി. ആൻവിന്റെ അമ്മാമ പൗളീന തോമസിന്റെ നിർബന്ധപ്രകാരമാണ് ആൻവിന് ജന്മദിന സമ്മാനമായി കുതിരയെ
നൽകിയതെന്ന് ബിജു പറയുന്നു. കൊടൈക്കനാലിൽ നിന്നും എത്തിച്ച മൂന്ന് വയസുള്ള വിജയ് എന്ന ഒരാൺകുതിരയും ഇവരുടെ വീട്ടിലുണ്ട്. ആൻവിന്റെ ഇരട്ട സഹോദരങ്ങളായ ആൻസനും ആൻസിലും കുതിരസവാരിയിൽ മിടുക്കൻമാരാണ്. നാട്ടിലൂടെയുള്ള ഈ സഹോദരങ്ങളുടെ കുതിരസവാരി നാട്ടുകാർക്കും കൗതുകമാണ്. ഇവരും അമ്മ സിമിയും ചേർന്നാണ് കുതിരകളെ പരിപാലിക്കുന്നത്.