ചേലക്കര: പാഞ്ഞാൾ തോട്ടത്തിൽ മനയിൽ വേട്ടേക്കാരൻ സേവാ സമിതിയുടെ നേതൃത്വത്തിൽ മഹാകിരാത രുദ്രയജ്ഞം 12 മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 14 ശനിയാഴ്ചയാണ് സമാപനം. വ്യാഴാഴ്ച രാവിലെ 8 30 ന് മണയത്താറ്റ് ആര്യൻ നമ്പൂതിരി ധ്വജാരോഹണം നിർവഹിക്കുന്നതോടെ വിവിധ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. മഹാ ശ്രീചക്രപൂജയോടു കൂടിയ സർവൈശ്വര്യ പൂജയ്ക്ക് അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് നേതൃത്വ്വം നൽകും. ഉച്ചയ്ക്കുശേഷം കലാമണ്ഡലം രാമൻ ചാക്യാരുടെ ചാക്യാർകൂത്ത്, കലാനിലയം സനീഷിന്റെ തായമ്പക, കായംകുളം സപര്യയുടെ ദൈവത്തിന്റെ പുസ്തകം നാടകവും ഉണ്ടായിരിക്കും. 13 ന് സംഗീത കച്ചേരി, കൈകൊട്ടിക്കളി, കഥകളി സംഗീത കച്ചേരി, മ്യൂസിക്കൽ ഫ്യൂഷൻ, പെരിങ്ങോട് ചന്ദ്രൻ നയിക്കുന്ന പഞ്ചവാദ്യത്തോടെയുള്ള വേട്ടേക്കരന്റെ എഴുന്നള്ളിപ്പ്, 14 ന് രാവിലെ 8.30 ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ അഞ്ചാനകൾ നിരക്കുന്ന എഴുന്നള്ളത്ത് തുടർന്ന് കാവടിയാട്ടം, ഉച്ചയ്ക്ക് 2 ന് ട്രിപ്പിൾ തായമ്പക, വൈകിട്ട് 6 ന് പെരുവനം കുട്ടൻ മാരാർ നയിക്കുന്ന മേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളത്ത് തുടർന്ന് പന്തീരായിരം നാളികേരം ഏറ് എന്നിവയും നടക്കും. 15 ന് പുലർച്ചെ കൂറ വലിക്കൽ ചടങ്ങോടെ യജ്ഞം സമാപിക്കുമെന്ന് സമിതി പ്രസിഡന്റ് രാജീവ് സ്രാമ്പിക്കൽ, സെക്രട്ടറി പ്രതീഷ് ശങ്കർ, ട്രഷറർ പ്രവീൺ പരമേശ്വർ, അംഗങ്ങളായ എം. ഹരീഷ്, ദേവൻ എന്നിവർ അറിയിച്ചു.