നീരുറവ് പദ്ധതിയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു.
മറ്റത്തൂർ: നീരുറവ് പദ്ധതിക്ക് കൊടകര ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. നിർത്തട പ്രദേശത്തെ 63 കർഷകരുടെ ഭൂമിയിലെ മണ്ണ് പരിശോധിക്കുകയും സോയിൽ കാർഡ് വിതരണം ചെയ്യുകയും ചെയ്തു.
പദ്ധതിയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രജ്ഞിത്ത് അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പി.ആർ. അജയഘോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി.ബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സജിത രാജീവൻ, ടി.കെ. അസൈൻ, പഞ്ചായത്ത് അംഗങ്ങളായ സുമിത, കെ.ജെ. ഷാന്റോ, കെ.ശിവരാമൻ, അഭിലാഷ്, ഷൈബി സജി, ജോയിന്റ് ബി.സി.ഒ പി.ആർ. ലൗലി എന്നിവർ പ്രസംഗിച്ചു.
പദ്ധതി നീർത്തടാധിഷ്ടിധമായി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക സാങ്കേതിക വിദ്യകളും പാരമ്പര്യമായി കൈവന്ന നാട്ടറിവുകളും സംയോജിപ്പിച്ച് നീർത്തടാധിഷ്ടിധമായാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. മറ്റത്തൂർ പഞ്ചായത്തിലെ 11, 12, 13 വാർഡുകളിലെ നീർത്തടമാണ് തിരഞ്ഞെടുത്തത്. 487.721 ഹെക്ടർ ആണ് വിസ്തൃതി. ഒഴുകിപ്പോകുന്ന ജലത്തെ ഭൂമിയിലേക്ക് ഇറക്കാനും ഭൂഗർഭ ജലത്തെ സംരക്ഷിക്കുന്നതിനും നീർച്ചാലുകളുടെ പുനരുജ്ജീവനവുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.